കാസര്‍ഗോഡ്: പോലീസ് കസ്റ്റഡിയില്‍ നിന്ന് ജാമ്യം ലഭിച്ച് മടങ്ങുന്നതിനിടയില്‍ കാസര്‍ഗോഡ് കീഴൂര്‍ ചെമ്പിരിക്ക സ്വദേശി സി.എം. മുഹമ്മദ് തസ്ലീമിനെ (38) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നിൽ ഇയാൾ പോലീസിന്റെ ‘ഇന്ഫോര്മറാ’യിരുന്നെന്ന അധോലോകത്തിന്റെ സംശയം.
ഇന്നലെ വൈകുന്നേരം ബണ്ട്വാളില്‍ പോലീസ് സംഘം പിന്തുടരുന്നതിനിടയില്‍ അധോലോക സംഘം ഇന്നോവ കാറിനകത്തുവച്ച് തസ്ലീമിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നാല് സംഘാംഗങ്ങള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായതായാണ് വിവരം.
ഒരു ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് നാലുമാസത്തിലേറെയായി ഗുല്‍ബര്‍ഗയില്‍ റിമാന്‍ഡിലായിരുന്ന തസ്ലീമിനെ ജനുവരി 31 ന് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് കലബുര്‍ഗി നെലോഗി പോലീസ് സ്റ്റേഷന് പരിധിയില്‍വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.
ഞായറാഴ്ച അക്രമികളെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യതാവളം വളഞ്ഞ പോലീസിനെ കണ്ട് സംഘം തസ്ലീമിനെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വീണ്ടും പോലീസ് പിന്തുടരുന്നതിനിടെയാണ് ബണ്ട്വാള്‍ ബി സി റോഡിനു സമീപം കാറിനകത്തു തന്നെ തസ്ലീമിനെ വെടിവച്ചു കൊലപ്പെടുത്തിയത്.
മുഹ്ത്തസീം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ പോലും ഡോണ്‍ എന്ന വിശേഷണം ചേര്‍ത്തിട്ടുള്ള തസ്ലീം ആദ്യകാലത്ത് ദുബായില്‍ റോയുടെയും ദുബായ് പോലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്നതായാണ് നാട്ടിലുള്ള വിവരം.
ഇക്കാരണം കൊണ്ടുതന്നെ അധോലോകകേന്ദ്രങ്ങളില് നിന്ന് ജീവന് ഭീഷണിയുണ്ടായിരുന്നു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് തസ്ലിമിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാന് സ്വദേശിയുള്‍പ്പെട്ട മംഗളൂരു അരുണ്‍ ജ്വല്ലറി കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവിധ കേസുകളുടെ പേരില്‍ ഇടയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത് മാസങ്ങള്‍ റിമാന്‍ഡില്‍ വച്ചതും അധോലോകത്തെ ശത്രുക്കളില്‍ നിന്ന് തസ്ലീമിന് സുരക്ഷ ഒരുക്കാനായിരുന്നെന്ന സംശയവുമുണ്ട്. അതേസമയം പലപ്പോഴും ഒരേസമയം പോലീസിനു വേണ്ടിയും ചില അധോലോക സംഘങ്ങള്‍ക്കു വേണ്ടിയും അപകടകരമായ ഡബിള്‍ ഗെയിമാണ് തസ്ലീം കളിച്ചിരുന്നതെന്നും സൂചനയുണ്ട്.
നാട്ടിലെ വിവിധ ക്ലബ്ബുകള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കൈയയച്ചു പണം നല്‍കിയിരുന്ന തസ്ലീമിന് ചെമ്പിരിക്കയില്‍ ഒരു റോബിന്‍ഹുഡ് പരിവേഷമായിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ ഒരു പ്രതിയെ ബാറില്‍വച്ച് തിരിച്ചറിഞ്ഞ് റോയ്ക്ക് വിവരം കൈമാറിയത് തസ്ലീമായിരുന്നുവെന്ന കഥയും നാട്ടില്‍ പ്രചരിക്കുന്നുണ്ട്.
ഇടക്കാലത്ത് ബിജെപി ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. അധോലോകബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായതോടെ പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു. ചെമ്പിരിക്ക കടുക്കക്കല്ലിനു സമീപം പുതിയ ഇരുനില വീടിന്റെ പണി നടന്നുവരികയായിരുന്നു.
കാസര്‍ഗോഡ്- ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധികളിലായി പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. ഉപ്പളയിലെ ഗുണ്ടാത്തലവനായിരുന്ന കാലിയ റഫീഖിന്റെ കൊലയുമായി ബന്ധപ്പെട്ട കേസും ഇതില്‍ ഉള്‍പ്പെടുന്നു.
റഫീഖിന്റെ എതിര്സംഘത്തിലുള്ളവര്ക്ക് ആയുധം നല്കി സഹായിച്ചത് തസ്ലീമായിരുന്നുവെന്നാണ് ആരോപണം. ഈ കൊലപാതകത്തിനുള്ള പ്രതികാരമാകാം തസ്ലീമിന്റെ വധമെന്നും പോലീസ് അനുമാനിക്കുന്നുണ്ട്.