മൂലമറ്റം: ഗൃഹനാഥനെ കൊലപ്പെടുത്തി ചതുപ്പിൽ തള്ളിയ കേസിൽ അറസ്റ്റിലായ ദന്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കൽ ശശിധരനെ (42) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സുഹൃത്തായ മേമുട്ടം അനിൽ നിവാസിൽ അനിൽ (36) , ഭാര്യ സൗമ്യ എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.
കഴിഞ്ഞ ജനുവരി 15 മുതൽ ശശീന്ദ്രനെ കാണാതായിരുന്നു. അന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ അനിൽ ശശിധരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെവെന്നാണ് കേസ്. കുറ്റം മറച്ചു പിടിക്കാൻ ശ്രമിച്ചതിനാണ് ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റു ചെയ്തത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് രണ്ടാഴ്ച മുൻപ് നടന്ന കൊലപാതകം പോലീസ് തെളിയിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്ന ശശിധരൻ കൂലിപ്പണിക്കായി പലയിടത്തും പോകാറുണ്ട്. ഇയാളുടെ മകൾ പഠനത്തിനായി ഹോസ്റ്റലിലാണ്. കഴിഞ്ഞ പതിനഞ്ചു മുതൽ ശശിധരനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കാഞ്ഞാർ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. പിന്നീട് ഭാര്യയെയും കസ്റ്റഡിയിലെടുത്തതോടെയാണ് ശശിധരനെ തടിക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചത്.
ശശിധരനെ കൊലപ്പെടുത്തി ചതുപ്പിൽ മൃതദേഹം തള്ളിയതായി ഇയാൾ വെളിപ്പെടുത്തി. ഇന്നലെ ഉച്ചയോടെ പ്രതിയുമായി മേമുട്ടത്ത് എത്തി മൃതദേഹം ചതുപ്പിൽ നിന്ന് പുറത്തെടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.
സംഭവദിവസം അനിലും ശശിധരനും അയൽവാസിയുടെ കാപ്പിക്കുരു വിൽക്കുന്നതിനായി മൂലമറ്റത്തിനു പോയി തിരികെ വന്ന് പ്രതിയുടെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തെതുടർന്ന് അനിൽ തടിക്കഷണം ഉപയോഗിച്ച് ശശിധരന്റെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരു കിലോമീറ്റർ അകലെയുള്ള വനപ്രദേശത്തെ ചതുപ്പിൽ കൊണ്ടുപോയി മൃതദേഹം തള്ളി.
തലയ്ക്കടിക്കാൻ ഉപയോഗിച്ച തടിക്കഷണം പ്രതിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. കൂടാതെ നാടൻ തോക്കും തിരകളും കണ്ടെത്തി. പ്രതി എറിഞ്ഞു കളഞ്ഞ ശശിധരന്റെ മൊബൈൽഫോണും പോലീസ് കണ്ടെത്തി.
തൊടുപുഴ ഡിവൈഎസ്പി കെ.പി .ജോസ്, എസ്ഐമാരായ കെ.സിനോദ് , സജി പി.ജോണ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്പിളിയാണ് ശശിധരന്റെ ഭാര്യ . മക്കൾ: വിസ്മയ, വൈഷ്ണവ്.