സ്വന്തം ലേഖകൻ
തൃശൂർ: കലകളുടെ നിലനിൽപ്പ് കലാകാരനിലൂടെ…..എന്ന ഓർമപ്പെടുത്തലോടെ വാദ്യകലാകാരൻമാർക്കായി മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. തൃശൂരിലെ കലാസാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ പൂരപ്രേമിസംഘം സേവനകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാന്പ് നടത്തുന്നത്.
16ന് ഞായറാഴ്ച പാലിയേക്കര ചേന്ദംകുളങ്ങര ശ്രീഭദ്ര ഓഡിറ്റോറിയത്തിലാണ് ക്യാന്പ്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് ക്യാന്പ്. സരോജ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാന്പ്.
പൊതുജനങ്ങൾക്കും ക്യാന്പിലെത്തി ചികിത്സ തേടാം. വാദ്യകലാകാരൻമാർക്ക് ക്യാന്പിൽ പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുമെന്ന് പൂരപ്രേമിസംഘം ഭാരവാഹികൾ അറിയിച്ചു.
എന്തുകൊണ്ട് വാദ്യകലാകാരൻമാർക്ക് പ്രത്യേക കൗണ്ടർ…?
ഉത്സവസീസണ്‍ തുടങ്ങിയാൽ കേരളത്തിലെ വാദ്യകലാകാരൻമാർക്ക് പിന്നെ വിശ്രമമില്ലാത്ത രാപ്പകലുകളാണ്. സ്വന്തം ആരോഗ്യം നോക്കാൻ ഇവർക്കാർക്കും നേരവും സൗകര്യവും കാണില്ല.
ചെറുതും വലുതുമായ അസുഖങ്ങൾ ഇത്തരത്തിൽ അവഗണിച്ച് ആസ്വാദകരെ താളമേള ലഹരിയിലാറാടിക്കുന്ന കലാകാരൻമാരുടെ ആരോഗ്യപരിരക്ഷ മുന്നിൽ കണ്ടാണ് ഇത്തരമൊരു ക്യാന്പ് നടത്തുന്നതെന്ന് പൂരപ്രേമി സംഘം ഭാരവാഹികളായ വിനോദ് കണ്ടെംകാവിൽ, ബൈജു താഴേക്കാട്ട് എന്നിവർ പറഞ്ഞു.
അടുത്തിടെ അന്തരിച്ച പല്ലാവൂർ സന്തോഷിന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നാണ് പൂരപ്രേമിസംഘം വാദ്യകലാകാരൻമാരുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചത്.
അടുത്തകാലത്തായി വാദ്യരംഗത്തെ ചെറുപ്പം കലാകാരൻമാർക്ക് ഹൃദയാഘാതം മൂലം മരണം സംഭവിച്ചെന്നും ഉത്സവസീസണ്‍ ആരംഭിക്കുന്പോൾ വിശ്രമവും ഉറക്കവുമില്ലാതെ അലയുന്നത് ഒരു പരിധിവരെ കലാകാരൻമാരെ അസുഖബാധിതരാക്കുന്നുണ്ടെന്നും കരുതുന്നതായി പൂരപ്രേമിസംഘം പറഞ്ഞു.
വർഷകാലത്തുള്ള ഒരു ഉഴിച്ചിൽ ചികിത്സക്ക് മാത്രമാണ് പല വാദ്യകലാകാരൻമാരും വിധേയമാകാറുള്ളത്. അല്ലാതെയുള്ള ഒരു റഗുലർ ചെക്കപ്പിന് ഇവരാരും വരാറില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മെഡിക്കൽ ക്യാന്പ് നടത്താനും അതിൽ വാദ്യകലാകാരൻമാർക്ക് പ്രത്യേക കൗണ്ടർ ഒരുക്കി അവരെ പ്രത്യേകം നോക്കാനും സംവിധാനമൊരുക്കുന്നതെന്ന് പൂരപ്രേമിസംഘം അറിയിച്ചു.
വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം ക്യാന്പിൽ ലഭ്യമമായിരിക്കും. സൗജന്യ മരുന്നുവിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9495026834 എന്ന നന്പറിൽ ബന്ധപ്പെടണം.