തിരുവനന്തപുരം: തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിയമ വിരുദ്ധ സര്‍വീസ് നടത്തിവന്ന “കൈറോസ്’ എന്ന സ്വകാര്യ ബസിനെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. കഴക്കൂട്ടത്ത് വച്ച് കെഎസ്ആര്‍ടിസി, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ബസ് കസ്റ്റഡിയിലെടുത്തത്.
മുമ്പ് ഒൻപതു തവണ ഇത്തരത്തിൽ നിയമലംഘനം നടത്തിയതിന് ഈ ബസിനെ പിടികൂടിയിട്ടുണ്ട്. അപ്പോഴെല്ലാം പിഴയടച്ച് ഉടമസ്ഥർ ബസ് പുറത്തിറക്കുകയായിരുന്നു. കോട്ടയം ആസ്ഥാനമായ കൊണ്ടോടി മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് കസ്റ്റഡിയിലായ ബസ്.
ഈ ബസ് സർവീസ് നടത്തുന്ന റൂട്ടിൽ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിൽ ഇടിവ് വന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത സർവീസ് പിടിക്കപ്പെട്ടത്. സ്വകാര്യ ബസുകൾ സമാന്തര സർവീസ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.