കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36) ക്രൂരനായ കവർച്ചാക്കാരനെന്ന് പോലീസ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വച്ച് കോൽക്കത്ത എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശി സ്വദേശി ഇല്യാസ് ഷിക്കാരി (36)യുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂരിൽ കൊണ്ടുവന്നത്.
ഇയാളെ പിടികൂടിയശേഷം കോൽക്കത്ത വിമാനത്താവളത്തിൽവച്ചും പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴും പോലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ചും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെപണിപ്പെട്ടാണ് വിമാനമാർഗം പോലീസ് കണ്ണൂരിലെത്തിച്ചത്.
കൊള്ളസംഘത്തിന്റെ നേതാവും മൂന്നു കൊലക്കേസിലും നിരവധി കവർച്ചാകേസുകളിലും പ്രതിയായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. മറ്റൊരു കവർച്ചാകേസിൽ ഡൽഹിയിൽ റിമാൻഡിൽ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി ആലങ്കീറി (32) നെ കണ്ണൂർ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇല്യാസാണ് കണ്ണൂരിലെ കവർച്ചയിലെ മുഖ്യസൂത്രധാരനെന്ന് വ്യക്തമായത്.
മാധ്യമപ്രവർത്തകനായ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിതകുമാരി എന്നിവരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ക്രൂരമായി ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവുമടക്കം 20 ലക്ഷം രൂപയുടെ മുതലുകൾ കവർന്ന സംഭവത്തിലാണ് അറസ്റ്റ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോർട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവർച്ചക്കാരനാണെന്ന് പോലീസ് പറയുന്നു.
ധാർവാർ, ഹുബ്ലി, ഭോപ്പാൽ, ഡൽഹി, ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംഘം കവർച്ചയ്ക്കിടെ കൊലപാതകവും നടത്തിയിട്ടുണ്ട്. എതിർത്തുനിൽക്കുന്ന ഇരയെ നിഷ്കരുണം കൊല്ലാൻ മടിക്കാത്തയാളാണ് ഇല്യാസ്.
ഇല്യാസ് കൂടി പിടിയിലായതോടെ കണ്ണൂരിലെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആറംഗസംഘമാണ് കണ്ണൂരിൽ കവർച്ച നടത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. ഇനി ഈ കേസിൽ രണ്ടുപേരെകൂടി കിട്ടാനുണ്ട്. കവർച്ച നടത്തിയ സ്വർണാഭരണമടക്കമുള്ള മുതലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.