റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ വഞ്ചനാക്കുറ്റത്തിനു കേസ്. ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകൻ എച്ച്.കെ. സിംഗാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റാഞ്ചി ജില്ലാ കോടതിയിൽ പരാതി നൽകിയത്.
അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്നു പറഞ്ഞു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്നു പരാതിയിൽ ആരോപിക്കുന്നു.
ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണു പരാതി നൽകിയത്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയാണു കേസിലെ മൂന്നാം പ്രതി. തിങ്കളാഴ്ച കോടതിയിൽ കേസ് നടപടികൾ ആരംഭിച്ചു. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേൾക്കുന്നതിനായി മാർച്ച് രണ്ടിലേക്കു മാറ്റി.
പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പറഞ്ഞത് പ്രവർത്തികമാക്കിയെന്നും ഇത്തരത്തിൽ 15 ലക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.