കാസർഗോഡ്: കർണാടകയിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കാസർഗോഡുകാരൻ മുഹമ്മദ് തസ്ലിമിന്റെ വധത്തിനു കാരണമായത് അധോലോകത്തെ വിവരങ്ങൾ പോലീസിനു ചോർത്തിക്കൊടുത്തുവെന്ന സംശയവും ഉപ്പളയിലെ കാലിയ റഫീഖ് വധത്തിലെ പകയുമെന്നു പോലീസ് നിഗമനം.
സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലിൽ പോലും ഡോണ്‍ എന്ന വിശേഷണം ചേർത്തിട്ടുള്ള തസ്ലിം ആദ്യകാലത്തു ദുബായിൽ റോയുടെയും ദുബായ് പോലീസിന്റെയും ഇൻഫോർമറായി പ്രവർത്തിച്ചിരുന്നതായാണു നാട്ടിലുള്ള വിവരം.
പെട്ടെന്നുണ്ടായ സാന്പത്തിക വളർച്ചയ്ക്കുപിന്നിൽ ഈ ബന്ധങ്ങളായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അധോലോകകേന്ദ്രങ്ങളിൽനിന്ന് ജീവനു ഭീഷണിയുണ്ടായിരുന്നു.
നാട്ടിലെത്തിയപ്പോഴും അധോലോകവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഇൻഫോർമറായാണു തസ്ലിം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഡൽഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് തസ്ലിമിനെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചിരുന്നു.
ഇതിനുപിന്നാലെയാണ് അഫ്ഗാൻ സ്വദേശിയുൾപ്പെട്ട മംഗളൂരു അരുണ്‍ ജ്വല്ലറി കവർച്ചാ കേസുമായി ബന്ധപ്പെട്ടു കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.
വിവിധ കേസുകളുടെ പേരിൽ ഇടയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത് മാസങ്ങൾ റിമാൻഡിൽ വച്ചതും അധോലോകത്തെ ശത്രുക്കളിൽനിന്ന് തസ്ലിമിന് സുരക്ഷയൊരുക്കാനായിരുന്നെന്ന സംശയവുമുണ്ട്. കാസർഗോഡ്, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധികളിലായി 12 കേസുകളിൽ പ്രതിയായിരുന്നു തസ്ലിം.
ഉപ്പളയിലെ ഗുണ്ടാത്തലവനായിരുന്ന കാലിയ റഫീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസും ഇതിലുൾപ്പെടുന്നു. ഈ കൊലപാതകത്തിനുള്ള പ്രതികാരമാകാം തസ്ലിമിന്റെ വധമെന്നും പോലീസ് അനുമാനിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ബണ്ട്വാൾ ബിസി റോഡിനു സമീപം പോലീസ് സംഘം പിന്തുടരുന്നതിനിടയിൽ അധോലോകസംഘം ഇന്നോവ കാറിനകത്തുവച്ച് തസ്ലിമിനെ വെടിവച്ചുവീഴ്ത്തുകയായിരുന്നു.
മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളി സംഘത്തിലെ നാലുപേർ കർണാടക പോലീസിന്റെ പിടിയിലായതായാണ് വിവരം. തസ്ലിമിനെ കൊലപ്പെടുത്താൻ ദുബായിൽനിന്നാണ് ക്വട്ടേഷൻ ലഭിച്ചതെന്നും സൂചനയുണ്ട്.