പള്ളുരുത്തി: വേദന കടിച്ചമർത്തി ഇനി കൊച്ചിയിലേക്കില്ലെന്നു തുറന്നുപറയുകയാണ് എഴുപത്തിരണ്ടുകാരിയായ യുകെ സ്വദേശിനി ടർണർ റോഗർ.
അത്രയേറെ കയ്പേറിയ അനുഭവമാണ് ടർണറിനു കൊച്ചി സമ്മാനിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ഭർത്താവ് ഹേസലുമൊത്തു ഫോർട്ട്കൊച്ചിയിലൂടെ നടക്കുന്പോൾ കാനയിൽ വീണു കിടപ്പിലായിരിക്കുകയാണ് ടർണർ റോഗർ.
ബസിലിക്ക പള്ളിക്കു സമീപമുള്ള മൂടിയില്ലാത്ത കാനയാണു ടർണറിനു ചതിക്കുഴിയൊരുക്കിയത്. കാനയിലേക്കു വീണു കാലിനും നടുവിനും പരിക്കു പറ്റിയ ഇവർക്കു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
സംഭവം നടന്നയുടനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കടുത്ത വേദന കടിച്ചമർത്തുകയാണ് ടർണറിപ്പോൾ. ആശുപത്രിയിൽനിന്നു തിരികെയെത്തിയ ഇവർ ഇപ്പോൾ ഹോം സ്റ്റേയിൽ വിശ്രമത്തിലാണ്.
ഇന്ന് ബ്രിട്ടനിലേക്കു മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായ അപകടം. മടക്കയാത്ര നേരത്തെതന്നെ തീരുമാനിച്ചിരുന്നതിനാൽ വേദനസംഹാരി കുത്തിവച്ചാണ് ടർണർ യാത്ര തിരിക്കുന്നത്.
ഏഴു തവണ കൊച്ചിയിൽ എത്തിയിട്ടുള്ള ഇവർ കൊച്ചിലേക്ക് ഇനിയൊരു യാത്ര ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയുന്നു. സഞ്ചാരികൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലമായി കൊച്ചി മാറിയിരിക്കുന്നു.
സഞ്ചാരികൾക്കു നടക്കാൻ സുരക്ഷിതമായ നടപ്പാത പോലും നിർമിക്കാൻ ഇവിടുള്ളവർക്കാവുന്നില്ല.പിന്നെങ്ങനെ കൊച്ചിയെ സഞ്ചാരികൾ തെരഞ്ഞെടുക്കും – ടർണർ ചോ ദിച്ചു.