സുൽത്താൻ ബത്തേരി: ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ശ്മശാനത്തിൽ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് ദുരുഹ സാഹചര്യത്തിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നരയോടുകൂടി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മരണപ്പെട്ട ഒരാളുടെ മൃതദേഹം സംസ്കരിക്കാന്‍ കുഴി എടുക്കാൻ ശ്മശാനത്തിലെത്തിയവരാണ് പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
ശ്മശാനത്തില്‍ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ കുഴിയെടുക്കാൻ എത്തിയവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് ബത്തേരി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷന്റെതാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തിൽ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്മശാനഭൂമിയിൽ വന്ന് ആത്മഹത്യ ചെയ്തതാണോ അതോ മറ്റാരങ്കിലും കത്തിച്ചതാണോ എന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം ആരും തന്നെ മൃതദേഹം സംസ്കരിക്കാന്‍ ക്ഷേത്രവുമായി ബന്ധപ്പെടുകയോ സംസ്കാരം നടത്തുകയോ ചെയ്തിട്ടില്ല.
ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനായി എത്തുന്നവരുടെ പേര് വിവരം രേഖപ്പെടുത്താറുണ്ടെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ വ്യക്തമാക്കി.
മൃതദേഹത്തെ സംബന്ധിച്ച ദുരുഹത നിലനിൽക്കുന്നതിനാൽ അടുത്തിടെ മരിച്ച ആളുകളെപ്പറ്റിയും കാണാതായവരെപ്പറ്റിയുമുള്ള പേര് വിവരം പോലീസ് ശേഖരിച്ചു വരുന്നു.