കൊച്ചി: തേവര എസ്എച്ച് കോളജും എറണാകുളം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച എസ്എച്ച് മീഡിയ കപ്പ് ക്രിക്കറ്റിലെ സൗഹൃദ മത്സരത്തിൽ ജയസൂര്യയുടെ പന്തുകളെ അടിച്ചുപറത്തി ഐജി വിജയ് സാഖറെ. എറണാകുളം പോലീസ് സർവീസസ് ടീമും എറണാകുളം പ്രസ് ക്ലബ് ഓൾ ഇലവൻ ടീമും തമ്മിലായിരുന്നു മത്സരം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പോലീസ് ടീമിനുവേണ്ടി ഓപ്പണിംഗിനിറങ്ങിയത് ഐജി ആയിരുന്നു. പ്രസ് ക്ലബിനുവേണ്ടി ബോൾ ചെയ്യാനിറങ്ങിയത് പ്രശസ്ത സിനിമാതാരം ജയസൂര്യയും.
ജയസൂര്യയുടെ ഓവറിൽ ഐജി നേടിയത് 22 റൺസ്. ഒന്പതു ബോളിൽ അഞ്ച് ഫോറും ഒരു സിക്സും അടിച്ച് 28 റൺസെടുത്ത് സാഖറെ ടീമിന്റെ ടോപ്സ്കോററായി. സബ് കളക്ടർ സ്നേഹിൽ കുമാർ, അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, ഡിസിപി ജി. പൂങ്കുഴലി എന്നിവർ പോലീസ് ടീമിലുണ്ടായിരുന്നു.
പോലീസ് ടീം ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പ്രസ് ക്ലബ് ഓൾ ഇലവൻ ടീം വിക്കറ്റ് നഷ്ടപ്പെടാതെ 5.3 ഓവറിൽ ലക്ഷ്യം മറികടന്നു.
13 പന്തിൽ 33 റൺസെടുത്ത ജിപ്സൺ സിഖേര മാൻ ഓഫ് ദി മാച്ച് ആയി. ഉച്ചയ്ക്കുശേഷം നടന്ന എസ്എച്ച് മീഡിയ കപ്പ് ഫൈനലിൽ എംഎം ടിവിയെ തോൽപ്പിച്ച് ഫ്ളവേഴ്സ് ജേതാക്കളായി.
ആദ്യം ബാറ്റ് ചെയ്ത ഫ്ളവേഴ്സ് ആറ് ഓവറിൽ നാല് വിക്കറ്റിന് 102 റൺസെടുത്തപ്പോൾ എംഎം ടിവിക്ക് ആറ് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
ജേതാക്കൾക്ക് 50,000 രൂപയും ട്രോഫിയും ലഭിച്ചു. 16 മാധ്യമ സ്ഥാപനങ്ങൾ എസ്എച്ച് മീഡിയ കപ്പിൽ പങ്കെടുത്തു.