
മൂലമറ്റം : കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ച് കെ എസ്ആർടിസി ജീവനക്കാർ മാതൃകയായി. ഞായറാഴ്ച രാവിലെ മൂലമറ്റം സബ് ഡിപ്പോയിൽ നിന്നും എറണാകുളത്തിനു പോയി തിരികെ വന്ന ബസിലാണ് കോലഞ്ചേരി സ്വദേശി ചിറ്റേടത്ത് രവീന്ദ്രൻ കുഴഞ്ഞു വീണത്.
പുത്തൻകുരിശിൽ വച്ചായിരുന്നു സംഭവം. വൈറ്റിലയിൽ നിന്നു കയറിയ രവീന്ദ്രൻ പുത്തൻകുരിശിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ട്രിപ്പ് നോക്കാതെ ബസ് നേരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് പാഞ്ഞു.
യാത്രക്കാരുടെ പിന്തുണയോടെ ജീവനക്കാരായ ഡ്രൈവർ സിജി എബ്രഹാമും, കണ്ടക്ടർ എം.ടി.നിഷാമോളും ചേർന്ന് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അടിയന്തര വൈദ്യ ശുശ്രൂഷകൾ നൽകുകയും ചെയ്തു. ഇതിനിടയിൽ രവീന്ദ്രന്റെ ഫോണിൽ നിന്നും മകന്റെ ഫോണ് നന്പർ ലഭിച്ചതോടെ ഈ നന്പരിൽ വിളിച്ച് മകനെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്നാണ് യാത്രക്കാരുമായി കെഎസ്ആർടിസി ബസ് യാത്ര തുടർന്നത്.