ചിറ്റൂർ: വിളയോടി-പുഴപ്പാലം റോഡിൽ ജലസേചന പൈപ്പിട്ടതിനു സമീപത്തെ പഴയ കനാൽ മണ്ണിട്ടുനികത്തണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. ഈ സ്ഥലത്ത് വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ബണ്ട് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്.
ഏകദേശം 150 മീറ്ററോളം പൈപ്പ് സ്ഥാപിച്ചാണ് ഇതുവഴി ജലവിതരണം നടത്തുന്നത്. വിസ്താരക്കുറവുള്ള റോഡിനു സമീപത്തെ ഗർത്തം വാഹനസഞ്ചാരികൾക്ക് അപകടഭീഷണിയാകുകയാണ്.
സ്ഥലപരിചയമില്ലാത്ത വാഹനയാത്രക്കാർക്കു എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ഗർത്തം കാണാനാകാതെ അപകടത്തിൽപെടുന്നത് പതിവാണ്.
ഈ സാഹചര്യത്തിൽ കനാൽ പരിസരത്ത് വളർന്നുനില്ക്കുന്ന പാഴ്ചെടികൾ തീവച്ചു നശിപ്പിച്ചതോടെ ഗർത്തം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.
വണ്ടിത്താവളത്തുനിന്നും ചിറ്റൂർ, പാലക്കാട്ടേയ്ക്കുള്ള പ്രധാന പാതയെന്നതിനാൽ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണിയായ കനാൽ ഗർത്തമുള്ളത്.