2017 ജൂൺ 28. സ്ഥലം കോഴിക്കോട് ജില്ലയിലെ ചാലിയം-കൈതവളപ്പ് കടൽത്തീരം. നേരം പുലർന്നു വരുന്നതേയുള്ളൂ. കടൽ ലക്ഷ്യമാക്കി നീങ്ങുന്ന മത്സ്യത്തൊഴിലാളികളാണ് ആ കാഴ്ച കണ്ട്.
കടൽത്തീരത്ത് ഒരു മനുഷ്യന്റെ കൈ കിടക്കുന്നു. കൈയുടെ ചില ഭാഗങ്ങൾ അഴുകി തുടങ്ങിയിരുന്നു. പ്രദേശവാസികൾ ബേപ്പൂർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് സ്ഥലത്തെത്തി.
അത് ഒരു പുരുഷന്റെ ഇടതുകൈയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു കൈ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും അസ്വഭാവിക സംഭവത്തിന് ബേപ്പൂർ പോലീസ് കേസെടുത്തു.
ഇടതു കൈ കണ്ടെത്തിയതിന്റെ നാലു ദിവസങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2017 ജൂലൈ ഒന്നിന് ഇതേ ബീച്ചിൽ നിന്നും വലതു കൈ പ്രദേശവാസികൾ കണ്ടെത്തി.
ബേപ്പൂർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് അസ്വഭാവികമായി മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുന്നു. രണ്ട് കൈകൾ കണ്ടെത്തിയതിനെ തുടർന്ന് ബേപ്പൂർ പോലീസിന്റെ നേതൃത്വത്തിൽ ഒരു ചെറിയ അന്വേഷണം തുടങ്ങി വയ്ക്കുന്നു. ഇതിനിടയിൽ മനുഷ്യ ശരീരത്തിനായുള്ള കാത്തിരിപ്പും പോലീസ് തുടർന്നു.
അഞ്ചു ദിവസങ്ങൾക്ക് ശേഷം ജൂലൈ ആറിന് ബേപ്പൂരിൽ നിന്നും 40 കിലോമീറ്റർ അകലെ അതായത് തിരുവന്പാടി എസ്റ്റേറ്റിൽ തലയും കൈകളും കാലും ഇല്ലാത്ത മൃതദേഹം കണ്ടെത്തുന്നു.
അത് മുക്കം പോലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെട്ട സ്ഥലത്തായിരുന്നു. വടകര റൂറലിൽ നിന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലേക്ക്. മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുന്നു.
2017 ഓഗസ്റ്റ് 13 ന് ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൈകളും കാലുകളും കണ്ടെടുത്ത സ്ഥലത്ത് നിന്നും തലയോട്ടി കണ്ടെത്തുന്നു. കോഴിക്കോട് ചാലിയം ബീച്ചിൽ കളിക്കാൻ എത്തിയ കുട്ടികൾക്കാണ് തലയോട്ടി കിട്ടിയത്.
ബേപ്പൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്യുന്നു. ഒരു മനുഷ്യന്റെ വിവിധ ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നാലു വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നെണ്ണം ബേപ്പൂരും ഒരെണ്ണം മുക്കത്തും.
ശരീരഭാഗങ്ങൾ ഒരു വ്യക്തിയുടേതാണോ എന്നായിരുന്നു പോലീസിന്റെ തുടർന്നുള്ള അന്വേഷണം. കൈകളും ശരീര ഭാഗവും തലയോട്ടിയും ഡിഎൻഎ പരിശോധനയ്ക്കായി അയച്ച് ഫലത്തിനായി പോലീസ് കാത്തിരുന്നു.
തലയോട്ടിയുടെ ഒഴികെ എല്ലാ ശരീരഭാഗങ്ങളുടെയും ഡിഎൻഎ പരിശോധനാഫലം വന്നു. കൈകളും ശരീരവും ഒരു വ്യക്തിയുടേതെന്ന ഫലം വന്നതോടെ അന്വേഷണസംഘത്തിന് പുതിയ ദൗത്യമായി. മൃതശരീരത്തിന്റെ കാലുകൾ കിട്ടിയിരുന്നില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിയുകയും ചെയ്തു. ആളെ തിരിച്ചറിയണം ഇതായിരുന്നു അന്വേഷണസംഘത്തിന്റെ മുന്നിലുള്ള വലിയ ദൗത്യം. കോഴിക്കോട് ഉൾപ്പെടെ സമീപ ജില്ലകളിൽ കാണാതായ ആളുകളുടെ കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു കൊണ്ടിരുന്നു.
വഴിത്തിരിവായത് ആ വിരലടയാളം (നാളത്തെ രാഷ്ട്രദീപികയിൽ)