സ്വന്തം ലേഖകന്‍
മുക്കം : പഴയ വാഹനങ്ങളുണ്ടോ, വാങ്ങാനിവിടെ ആളുണ്ട്… മുക്കം സ്വദേശി അന്‍വിനോ സിഗ്നിയാണ് പഴയ വാഹനങ്ങളെ പ്രണയിച്ച് സ്വന്തമാക്കുന്നത്.
കഴിഞ്ഞ ദിവസം താമരശേരിയില്‍ നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട 1964 മോഡല്‍ ബെന്‍സ് കാറും അന്‍വിനോയുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡരികില്‍ പൊടിപിടിച്ച് കിടക്കുന്ന ബെന്‍സ് കാറിനൊപ്പം സെല്‍ഫിയെടുത്തു.
ആര്‍ക്കും വേണ്ടാതെ റോഡരികില്‍ കിടക്കുന്ന ഈ കാര്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കാറിനൊപ്പമുള്ള സെല്‍ഫി സഹിതം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് കാത്തിരിക്കുകയാണ് അന്‍വിനോ. ഇഷ്ടപ്പെട്ട കാറ് സ്വന്തമാക്കാനുള്ള മുക്കം സ്വദേശി അന്‍വിനോയുടെ കാത്തിരിപ്പ് ഇതുവരെ വെറുതെയായിട്ടില്ല.
പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച 11 പഴയ മോഡല്‍ കാറുകളും ഒമ്പത് ഇരുചക്രവാഹങ്ങളും അന്‍വിനോയുടെ വീട്ടിലുണ്ട്. ഇവയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും അന്വിനോയേക്കാള് പ്രായമുണ്ട്.
1976 മോഡല്‍ പ്രീമിയര്‍ പത്മിനിയാണ് കാറുകളിലെ ‘മുത്തശ്ശി’. 1984 ലെ നാല് മാരുതി 800 കാറും 84 മോഡല്‍ മഹീന്ദ്ര ജീപ്പും 86 മോഡല്‍ ജിപ്സിയും അന്‍വിനോ പൊന്നുപോലെ വീട്ടില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 1976 മോഡല്‍ ലംബ്രേട്ടയാണ് ഇരുചക്രവാഹനങ്ങളിലെ കാരണവര്‍.
1984 മോഡല്‍ വെസ്പയും 82, 95, 2003 മോഡലിലുള്ള ബജാജ് ചേതക്കും 82 മോഡല്‍ വിജയ് സൂപ്പറുമെല്ലാം വീട്ടുമുറ്റത്തുണ്ട്. വീടിന്റെ മുറ്റത്ത് വലിയ ടാര്‍പ്പായ കൊണ്ടൊരുക്കിയ പന്തലിലാണ് വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ടിരിക്കുന്നത്.
ഓരോ വര്‍ഷവും വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സും നികുതിയും അടയ്ക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. പഴക്കം മൂലം ഉടമസ്ഥര്‍ ഒഴിവാക്കുന്ന വാഹനങ്ങള്‍ വാങ്ങി വലിയ തുകയ്ക്ക് പണി കഴിപ്പിച്ചാണ് അന്‍വിനോ വാഹനങ്ങള്‍ നിരത്തിലിറക്കുക. പഴയ വാഹനങ്ങളുമായി നിരവധി വാഹന പ്രദര്‍ശന മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
വാഹനങ്ങള്‍ മാത്രമല്ല പഴയകാല ക്ലോക്കുകള്‍, ടൈംപീസ്, വാച്ച്, വിളക്ക്, പഴയകാല മൊബൈല്‍ ഫോണുകള്‍, വി.സി.ആര്, ടൈപ്പ് റൈറ്റര്‍, ടേപ്പ് റെക്കോര്‍ഡര്‍, ഗ്രാമഫോണ്‍, ഡിസ്ക് പ്ലയര്‍, തുടങ്ങി പഴയകാലത്തെ ഒട്ടുമിക്ക ഉപകരണങ്ങളും അന്‍വിനോയുടെ ശേഖരത്തിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും അന്‍വിനോയുടെ വാഹനങ്ങള്‍ വെള്ളം കയറിയിരുന്നു.
ചൂലൂരിലെ തറവാട് വീടിനോട് ചേര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സംവിധാനമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്‍വിനോ. വിദഗ്ധരായ മെക്കാനിക്കുകളുടെ അഭാവവും സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമവുമാണ് വലിയ വെല്ലുവിളിയെന്ന് അന്‍വിനോ പറയുന്നു.
മുക്കത്തെ സ്വകാര്യ ഇന്ഡസ്ട്രിയിലെ ജീവനക്കാരാണ് അന്‍വിനോ. അംബാസിഡറും വില്ലീസ് കാറും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അന്‍വിനോ.
വരും തലമുറയ്ക്ക് ചരിത്രത്തിന്റെ ഭാഗമായ വാഹനങ്ങള്‍ കാണാനുള്ള അവസരമാണ് ഇങ്ങനെയുള്ള വാഹന ശേഖരങ്ങളെന്നും വാഹന ശേഖരമുള്ളവര്ക്ക് നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കണമെന്നും അന്‍വിനോ പറഞ്ഞു.