മിർസാപുർ: സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കിയ വലിയ പാത്രത്തിൽ വീണു മൂന്നു വയസുകാരിക്കു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മിർസാപൂരിൽ ലാൽഗഞ്ച് പ്രദേശത്തെ രാംപുർ അതാരി പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണു സംഭവം.
സ്കൂളിലെ അങ്കണവാടി വിദ്യാർഥിനിയായ അഞ്ചലാണു ദാരുണമായി മരിച്ചത്. സ്കൂളിലുണ്ടായിരുന്ന കെട്ടിട നിർമാണ സാമഗ്രികളിൽ തട്ടി പെണ്‍കുട്ടി പാത്രത്തിലേക്കു വീഴുകയായിരുന്നു.
അധ്യാപകരും പാചകക്കാരും ചേർന്നു കുട്ടിയെ ഉടൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. ഇവിടെ എത്തിച്ച കുട്ടി വൈകുന്നേരത്തോടെ മരിച്ചു.
കുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പാചകക്കാർ കുട്ടിയെ ശ്രദ്ധിച്ചില്ലെന്നും അവരുടെ ചെവിയിൽ ഇയർഫോണ്‍ ആയിരുന്നെന്നും അശ്രദ്ധ മൂലമാണു കുഞ്ഞു മരിച്ചതെന്നും പിതാവ് ആരോപിച്ചു. അതാരി പ്രൈമറി സ്കൂളിന്റെ ഭാഗമായാണ് അപകടം നടന്ന അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
സംഭവത്തിനു പിന്നാലെ സ്കൂളിന്റെ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് സുശീൽ കുമാർ പട്ടേൽ അറിയിച്ചു. പ്രാഥമിക വിദ്യാഭ്യാസ ഓഫിസറോട് എഫ്ഐആർരജിസ്റ്റർ ചെയ്യാനും ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.