കോഴിക്കോട്: ചൈനയിൽനിന്ന് കോഴിക്കോട്ടെത്തിയ രണ്ടുപേർ അധികൃതരുടെ കണ്ണുവെട്ടിച്ച് സൗദി അറേബ്യയിലേക്ക് കടന്നു. രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ 28 ദിവസം വീട്ടിൽനിന്നു പുറത്തിറങ്ങാതെ നിരീക്ഷണത്തിലിരിക്കാൻ അധികൃതർ ബോധവത്കരണം നടത്തുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ രണ്ട് വ്യാപാരികൾ സൗദിയിലേക്ക് കടന്നത്.
ഏത് വിമാനത്താവളംവഴിയാണ് ഇവർ പോയതെന്ന് അറിവായിട്ടില്ല. ഇവരുടെ പൂർണവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ പറഞ്ഞു.
ചൈനയിൽനിന്നെത്തിയ ശേഷം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട തൃശൂരിലെ മെഡിക്കൽ വിദ്യാർഥിനിക്കൊപ്പം വന്ന മൂന്നു കോഴിക്കോട് ജില്ലക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വിദ്യാർഥിനിയുടെ സഹപാഠികളാണ്.
കോഴിക്കോട്ട് ചൊവ്വാഴ്ച രാവിലെവരെ 310 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ ബീച്ച് ആശുപത്രിയിലും ചികിത്സയിലുണ്ട്. ബാക്കി 306 പേർ അവരവരുടെ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിലാണ്.
ഇവരോട് പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും പലരും പുറത്തിറങ്ങുന്നതായാണ് വിവരം. ഇത്തരക്കാരെ കൂടുതൽ നിരീക്ഷിക്കാൻ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നുണ്ട്.
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്നതിനാൽ ചൈനയിൽനിന്ന് വന്ന എല്ലാവരും ജാഗ്രതാനിർദേശം കർശനമായി പാലിക്കണം. കോഴിക്കോട്ട് വിമാനമിറങ്ങിയ അറുപതുപേരിൽ ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ വ്യക്തിയെ പലതവണ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. കുറ്റ്യാടി മേഖലയിൽനിന്ന് ഒരു ധ്യാനകേന്ദ്രത്തിലേക്ക് പോയ രണ്ടുപേരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ അവരവരുടെ വീടുകളിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. ഹോങ്കോംഗ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നു വന്ന വേറെ രണ്ടുപേരുമുണ്ട്.
ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നു വന്ന പലരും വിവരം രഹസ്യമാക്കിവയ്ക്കുകയാണ്. ബംഗളൂരു, മംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലിറങ്ങി ട്രെയിനിലും ബസിലും മറ്റും നാട്ടിലെത്തുന്നവരുമുണ്ട്.
ചിലർ കേരളത്തിലേക്ക് വരാതെ കർണാടകയിൽതന്നെ തങ്ങുന്നുണ്ട്. ചൈനയിൽനിന്ന് വന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാൻ അയൽവാസികൾ ജാഗരൂകരാകണം. വ്യക്തിസ്വാതന്ത്ര്യത്തിനല്ല പൊതുജനാരോഗ്യത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും ഡിഎംഒ പറഞ്ഞു.
ചൈനയിൽനിന്ന് മടങ്ങിയെത്തിയവരുടെ കുടുംബങ്ങളിലെ കുട്ടികൾ സ്കൂളിൽ പോകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന്കൊഴിക്കോട് നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. ആശാദേവി അറിയിച്ചു.
വിദ്യാർഥിനിയുടെ നില തൃപ്തികരം
തൃശൂർ: കൊറോണ രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ നില തൃപ്തികരമായി തുടരുകയാണെന്നു മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ജില്ലയിൽ ആകെ 230 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 41 പേർ പുതുതായി നിരീക്ഷണത്തിൽ എത്തിയവരാണ്. വീടുകളിൽ 202 പേർ കരുതൽനിരീക്ഷണത്തിൽ കഴിയുന്നു.
സർക്കാർ മെഡിക്കൽ കോളജിൽ പത്തൊമ്പതും ജനറൽ ആശുപത്രിയിൽ ഒമ്പതും ഉൾപ്പെടെ 28 പേരാണ് നിരീക്ഷണത്തിലുള്ളത്. 68 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്കയച്ചു.
അതിൽ 15 എണ്ണത്തിന്റെ ഫലം ലഭിച്ചു. കൊറോണ രോഗവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാള പുത്തൻചിറ കുറ്റിയിൽ വീട്ടിൽ മനോജി(44)നെയാണ് അറസ്റ്റുചെയ്തത്.