കൂത്തുപറമ്പ്: സങ്കടകടൽ ഏറെ ദൂരം നീന്തിയവളാണ് അസ്ന. എങ്കിലും അവൾ തളർന്നില്ല. ആത്മവിശ്വാസം കരുത്താക്കി ഒരു നിയോഗം പോലെ അവൾ ഇന്ന് സ്വന്തം നാട്ടിൽ ഡോക്ടറായിരിക്കുന്നു.
ആരും മറന്നു കാണില്ല, ചെറുവാഞ്ചേരിയിലെ അസ്നയെന്ന കേരളത്തിന്റെ ദുഃഖപുത്രിയെ.19 വർഷം മുമ്പ് വീട്ടുമുറ്റത്ത് ബോംബേറിൽ ഒരു കാൽ നഷ്ടപ്പെട്ട് ചോരയിൽ കുളിച്ചു കിടന്ന അസ്നയെന്ന ആറുവയസുകാരിയെ.
അസ്ന ഇന്നു വീടിനടുത്തെ ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി ചുമതലയേറ്റു.
2000 സെപ്റ്റംബർ 27ന് നടന്ന തെരഞ്ഞടുപ്പ് ദിവസം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു ബിജെപി പ്രവർത്തകരുടെ ബോംബേറിൽ അസ്നക്ക് പരിക്കേറ്റത്.
പിന്നീടുള്ള അസ്നയുടെ ജീവിതം അതിജീവനത്തിന്റേതായിരുന്നു. കൃത്രിമക്കാലിൽ നടന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും അസ്ന എംബിബിഎസിനു പ്രവേശനം നേടി.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം കോളജിലെ നാലാം നിലയിലെ ക്ലാസുമുറിയിലേക്ക് കയറാൻ 38 ലക്ഷം രൂപക്ക് ലിഫ്റ്റ് സ്ഥാപിച്ചിരുന്നു.
പഠനത്തിന് സിപിഎമ്മിന്റെ നേതൃത്വത്തിൽ നാട്ടുകാർ പതിനഞ്ചു ലക്ഷം രൂപ സമാഹരിച്ച് നൽകി.ഡിസിസി വീടുവെച്ചു നൽകി. ഇങ്ങിനെ നാടൊന്നാകെ അസ്നയ്ക്കു പിന്നിൽ പൂർണ പിന്തുണയുമായി ഉണ്ടായിരുന്നു.
ഇന്നു രാവിലെ അച്ഛൻ നാണു, അനുജൻ ആനന്ദ് എന്നിവർക്കൊപ്പമാണ് അസ്ന ആശുപത്രിയിൽ ചുമതലയേൽക്കാൻ എത്തിയത്.