ലോകത്തെയാകെ കൊറോണ പിടിച്ചുകുലുക്കുമ്പോള്‍ കേരളത്തിനും കനത്ത അടിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ വ്യാപകമായി യാത്ര കാന്‍സല്‍ ചെയ്യുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് അടക്കം വലിയ ഭീഷണിയാണ് വൈറസ് ബാധ മൂലം നേരിടുന്നത്. ഇതിനിടെ വൈറസ് ഭീതിയില്‍ മിക്കയിടങ്ങളിലും വിവാഹങ്ങള്‍ നടത്തുന്നത് അടക്കം മാറ്റിവെക്കേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്.
ഇതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സംഭവവും ഉണ്ടായിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു വിവാഹമാണ് ഇത്തരത്തില്‍ മാറ്റിവച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാറ്റമില്ലാതെ നടന്നപ്പോള്‍ വരനുംവധുവും ചടങ്ങിനെത്തിയില്ല.
കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന് വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന് ജോലി ചെയ്യുന്നത്.
രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്നതിനാല്‍ വിവാഹ ഒരുക്കങ്ങളുമായി വീട്ടുകാര്‍ മുമ്പോട്ടു പോവുകയായിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊതുചടങ്ങുകളില്‍ നിന്നു വിട്ടുനില്ക്കണമെന്നു കര്‍ശന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ആശയക്കുഴപ്പത്തിലായി. രണ്ട് ദിവസം മുന്‍പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു.
കലക്ടറേറ്റില്‍ നിന്നും ഡിഎംഒ ഓഫിസില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം വന്നതോടെ വിവാഹം നീട്ടിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലാതെയായി. എന്നാല്‍ സല്‍ക്കാരവും മറ്റും മാറ്റിവയ്ക്കുന്നതിന്റെ ബുദ്ധിമുട്ടു കണക്കിലെടുത്തു വരന്റെയും വധുവിന്റെയും വീടുകളില്‍ ഒരുക്കിയ സല്‍ക്കാരങ്ങള്‍ നടത്തി. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം മാത്രമേ നടത്തൂ.
എന്നാല്‍ കൊറോണയുടെ ഗുണഭോക്താക്കളായ ഒരേയൊരു വിഭാഗം മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രത്ത്ലൈസര് ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കി.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിര്‍ദ്ദേശം.
ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദ്ദേശിച്ചു. കൊറോണ ഭീഷണി മൂലം നിരവധി ഹോട്ടലുകളില്‍ മുറികള്‍ ബുക്കു ചെയ്തിരുന്നവര്‍ ബുക്കിംഗ് റദ്ദാക്കി. ഇത് കേരളാ ടൂറിസത്തിന് കനത്ത തിരിച്ചടിയാവുകയാണ്. നിപ്പയുടെ സമയത്തേക്കാള്‍ പ്രതികൂലമായാണ് കൊറോണ ഭീതി കേരളത്തെ ബാധിക്കുന്നത്.