തലശേരി: പിണറായിയില്‍ യുവതി മക്കളേയും മാതാപിതാക്കളേയും എലി വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മരവിച്ചു.
കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാൻഡിൽ കഴിയവെ ജീവനൊടുക്കിയ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ മരണത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനിപ്പിച്ചു.
സൗമ്യ ആത്മഹത്യ ചെയ്തതാണെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും ക്രൈംബ്രാഞ്ച് തലശേരി സബ് ഡിവിഷന് മജിസ്ട്രേറ്റിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ കിഷോർ (8), കീര്‍ത്തന (ഒന്നര വയസ്) എന്നിവര്‍ മരിച്ച സംഭവത്തിലാണ് അന്വേഷണം മരവിച്ചിട്ടുള്ളത്.
വണ്ണത്താന്‍ വീട്ടില്‍ അവശേഷിച്ചിരുന്ന ഏക അംഗമായ സൗമ്യ(28)യെ 2018 ഏപ്രില്‍ 24 നാണ് അന്നത്തെ തലശേരി സിഐ കെ.ഇ പ്രേമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് മാതാപിതാക്കളേയും മക്കളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നും ചോറിലും കറികളിലും രസത്തിലും വിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും ചെയ്തതെന്നും പ്രതി സൗമ്യ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
സൗമ്യയുടെ വീടിനു മുന്നില്‍ സംസ്കരിച്ചിരുന്ന കുട്ടികളുടെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ നടന്ന കൂട്ടക്കൊല സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം നടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.
എന്നാല്‍ സൗമ്യ ഒറ്റക്കല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്നാണ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
റിമാൻഡിൽ കഴിയവെ പട്ടാപ്പകല്‍ സൗമ്യയെ വനിത ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് ഏറെ ദുരൂഹത ഉളവാക്കിയിരുന്നു. സംഭവത്തില്‍ ജയില്‍ ഉദ്യോസ്ഥര്‍ക്കെതിരെ സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
സൗമ്യയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മൂന്ന് പേരെ പോലീസ് വിവിധ ഘട്ടങ്ങളിലായി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിയില്‍ ആക്ഷന്‍ കമ്മറ്റി നിര്‍ജീവമാകുകയും ചെയ്തു.
കൂട്ടക്കൊലപാതകം സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി അടുത്ത ദിവസം പിണറായിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കാന്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ തയാറായില്ല.
ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തങ്ങള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ആക്ഷന്‍ കമ്മറ്റിയിലെ അംഗം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.