അതിരന്പുഴ: വിദ്യാർഥികളെ ലക്ഷ്യംവച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നതായി ആശങ്ക. പഞ്ചായത്തിലെ മാന്നാനം, ഓണശേരി കടവ്, കളന്പുകാട്ട് മല, നാൽപത്തി മല പ്രദേശങ്ങൾ ഉൾപ്പെടെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ആവശ്യക്കാർക്കായി രഹസ്യമായി വാഹനങ്ങളിൽ എത്തിച്ചു കച്ചവടം നടത്തുന്ന ഒട്ടേറെ സംഘങ്ങൾ ഒരു പേടിയും ഇല്ലാതെ വിലസുകയാണ്.
കളന്പുകാട്ട് മല പ്രദേശങ്ങളിൽ ഇരുട്ടിന്റെ മറവിൽ 20 വയസിനു താഴെ പ്രായമുള്ള കുട്ടികളാണ് കഞ്ചാവ് മാഫിയയായി അഴിഞ്ഞാടുന്നത്. പരസ്പരം തമ്മിൽ തല്ലുകയും, അശ്ലീല വർത്തമാനം പറച്ചിലും കാരണം പ്രദേശവാസികൾക്ക് ജീവിക്കുവാൻ സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരേ പ്രതികരിക്കുന്നവർക്കെതിരെ വീടുകൾ കയറി മർദ്ദിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
പ്രാദേശിക വികസനവിഷയങ്ങൾക്ക് നേതൃത്വം നൽകുന്ന സഹകാർ ഭാരതിയുടെ കീഴിലുള്ള മാന്നാനം പുണ്യഭൂമി അക്ഷയശ്രീയുടെ യോഗത്തിൽ കഞ്ചാവ് മാഫിയയ്ക്കെതിരേ ശക്തമായ നിയമ നടപടിയിലേക്ക് പോകാൻ തീരുമാനിച്ചു.
പ്രസിഡന്റ് പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജേഷ് കുമാർ, എ.എസ്. സാജൻ, എം.ജി. മഹേഷ് ബാബു, ശ്യാം ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.