കൊണ്ടോട്ടി: എയർഇന്ത്യയുടെ സ്വകാര്യവത്കരണത്തിൽ കുരുങ്ങി ഇന്ത്യയിൽ നിന്നുളള ഈ വർഷത്തെ ഹജ്ജ് സർവീസ് ടെൻഡർ നടപടികൾ വ്യോമയാന മന്ത്രാലയം നിർത്തി വെച്ചു. ഹജ്ജ് സർവീസുകൾ നടത്താൻ തയാറുളള വിമാനങ്ങളിൽ നിന്നുളള ടെൻഡർ പ്രഖ്യാപനം ഇന്നലെ നടക്കാനിരിക്കെയാണ് അവസാന നിമിഷം ഉപേക്ഷിച്ചത്.
സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്ക് ഹജ് ടെൻഡറിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ടെൻഡർ നടപടികൾ താൽക്കാലികമായി വ്യോമയാന മന്ത്രാലയം നിർത്തിവെക്കുകയായിരുന്നു. ഹജ്ജ് ടെൻഡർ നടപടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി
കഴിഞ്ഞ മാസം ആറിനാണ് ഹജ്ജ് സർവീസിന് ടെൻഡർ ക്ഷണിച്ചിരുന്നത്. 27ന് ടെൻഡർ പ്രഖ്യാപിക്കാനിരിക്കെയാണ് പിന്നീട് ഫെബ്രുവരി മൂന്നിലേക്ക് ടെൻഡർ മാറ്റിയത്.
എയർഇന്ത്യക്ക് പുറമെ സൗദി എയർലെൻസ്, നാസ് എയർ, സ്പെയ്സ് ജെറ്റ് എന്നിവയാണ് ഹജ്ജ് ടെൻഡർ നൽകാൻ തയാറായിരുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള വ്യോമയാന ഉഭയ കക്ഷികരാർ പ്രകാരം ഹജ്ജ് സർവീസുകൾ ഇരു രാജ്യങ്ങളിലേയും വിമാനകന്പനികൾ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്.
വർഷങ്ങളായി എയർ ഇന്ത്യയും സൗദി എയർലൈൻസും ഹജ്ജ് സർവീസുകൾ പങ്കിട്ടെടുക്കുന്നത്. എയർ ഇന്ത്യയുടേയും ഉപ കന്പനിയായ എയർഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും വിൽക്കാൻ കഴിഞ്ഞ 27നാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്.
നേരത്തെ എയർ ഇന്ത്യയുടെ 75 ശതമാനം ഓഹരി വിൽപ്പനക്കുളള ശ്രമം പരാജയപ്പെട്ടതോടെയാണ് 100 ശതമാനമാക്കി വിൽപ്പന നടത്താൻ കേന്ദ്രം തീരുമാനിച്ചത്.
മാർച്ച് 17 നകം ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് 31ന് പ്രഖ്യാപനമുണ്ടാകും. ഇതോടെ എയർ ഇന്ത്യ സ്വകാര്യ കന്പനിയാവും. ഇതിന് ശേഷം ഹജ്ജ് ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഹജ്ജ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് തീർത്ഥാടകരുടെ മൂന്നാംഗഡു പണം നിശ്ചയിക്കുക. ടെൻഡർ നടപടികൾ വൈകുന്നത് പണമടക്കേണ്ടതടക്കമുളളവയിൽ കാലതാമസം വരുമെന്ന അനിശ്ചിതത്വവുമുണ്ട്.
ഇന്ത്യയിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് 22 ഹജ്ജ് എംപാർക്കേഷൻ പോയിന്റുകളിൽ നിന്ന് ഹജ്ജ് വിമാനങ്ങൾ പുറപ്പെടേണ്ടത്. രാജ്യത്തെ 1,25,025 പേർക്കാണ് ഈ വർഷം ഹജ്ജിന് പോകേണ്ടത്. ഹജ്ജ് സർവീസുകൾ ജൂണ് 22 മുതലാണ് ആരംഭിക്കുന്നത്.