അഞ്ചല്‍ : അഞ്ചലില്‍ ഇത്തരസംസ്ഥാന തൊഴിലാളിയെ സഹപ്രവര്‍ത്തകനും ബന്ധുവുമായ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. കൊലക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആസാം സ്വദേശി ജലാലുദ്ദീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ബന്ധുകൂടിയായ അബ്ദുല്‍ അലി എന്നയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജലാലുദ്ദീനെയാണ് കണ്ടത്.
ആക്രമണം തടയാന്‍ ഇവര്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ക്ക് നേരെയും അബ്ദുല്‍ അലി വെട്ടുകത്തി വീശിയതോടെ ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയില്‍ റൂമിലേക്കുള്ള ഗ്രില്ല് ഗേറ്റ് പൂട്ടിയ അബ്ദുല്‍ അലി കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
വിവരം അറിഞ്ഞെത്തിയ അഞ്ചല്‍ പോലീസ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഗ്രില്‍ പൊളിച്ചു അകത്തു കയറ്റി അബ്ദുല്‍ അലിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, ഇയാളുടെ പരിക്കും ഗുരുതരമാണ്.
പുനലൂര്‍ ഡിവൈഎസ്പി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇറച്ചി കോഴി വില്‍പ്പന സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.