വൈപ്പിൻ: കടലിൽ മത്സ്യത്തിനു വൻ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതോടെ മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖലയിൽ സാന്പത്തികമാന്ദ്യം. കടലിൽ പോകുന്ന ബോട്ടുകൾ പലതും വെറുംകൈയോടെയാണ് തിരിച്ചെത്തുന്നത്.
വലിയ ബോട്ടുകളിൽ പലതിലും ഹൈപവർ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിനാൽ സാധാരണ എൻജിനേക്കാളും കൂടുതൽ ഇന്ധനം വേണ്ടി വരും. ഇതനുസരിച്ചുള്ള മത്സ്യം ലഭിക്കാതെ വന്നപ്പോൾ പലതും കനത്ത നഷ്ടത്തിലായി.
ഇവിടം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന ഭൂരിഭാഗം ബോട്ടുകളും ഒരു മാസത്തിലേറെയായി കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. സാധാരണ ഈ സമയത്ത് വലിയ ബോട്ടുകൾക്ക് കണവ, പൂവാലൻ ചെമ്മീൻ, തളയൻ, ബ്രാൽ എന്നിവ സാമാന്യം നല്ലതോതിൽ ലഭിക്കാറുള്ളതാണ്.
എന്നാൽ ഇക്കുറി ഇവയുടെ സാന്നിധ്യം തെല്ലുപോലും കടലിൽ ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ചെറിയ ബോട്ടുകൾക്കാണ് കുറച്ചെങ്കിലും മത്സ്യം ലഭിക്കുന്നത്.
ആഴക്കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ ഇടത്തരം ബോട്ടുകൾ തീരത്തോട് ചേർന്ന് വല വലിക്കാൻ തുടങ്ങിയത് ചെറുബോട്ടുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതു മൂലം ചെറുബോട്ടുകളും ഇപ്പോൾ പണിയില്ലാതെ കരയിൽ കെട്ടാൻ തുടങ്ങി.
മത്സ്യബന്ധന മേഖലയിലും അനുബന്ധ മേഖലയിലും തൊഴിലില്ലായ്മയും രൂക്ഷമാണ്. മത്സ്യവ്യാപാരികൾ തൊഴിലാളികളെ കുറച്ചു. ഐസ് പ്ലാന്റുകൾ ഐസ് ഉത്പാദനം കുറച്ചു. ഡീസൽ പന്പുകളിലും സ്റ്റോക്ക് കുറച്ചിരിക്കുകയാണ്.
പീലിംഗ് ഷെഡുകളും മത്സ്യസംസ്കരണ-വിപണന മേഖലകളും ഉൾപ്പെടെയുള്ള മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളിലും തൊഴിലാളികളെ വെട്ടിച്ചുരുക്കി.
പുലർച്ചെ നാലിനു ആരംഭിച്ച് പകൽ 11 മണിവരെ കച്ചവടം നടന്നിരുന്ന മുനന്പം ഹാർബർ നിശബ്ദമാണ്. രണ്ടുമണിക്കൂറിലധികം ഇവിടെ കച്ചവടം നീണ്ടു പോകാറില്ല.
മുരുക്കുംപാടം മേഖലയിലും സ്ഥിതി ഇതുതന്നെയാണ്. മത്സ്യമേഖലയിലെ പ്രതിസന്ധി വൈപ്പിനിലെ കടകന്പോളങ്ങളിലും ഇതര മേഖലകളിലും പ്രതിഫലിച്ചു തുടങ്ങി.
വ്യാപാര മേഖലയിലും മാന്ദ്യം തുടങ്ങിയതായി വ്യാപാരികൾ പറയുന്നു. ഡീസൽ വില നാൾതോറും വർധിച്ചു വരുന്നതും മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണിയാണെന്ന് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.