മട്ടന്നൂർ: മാലൂരിൽ പ്രവാസിയായ യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും സുഹൃത്തുമായ യുവാവ് പിടിയിൽ.
മാലൂർ ടൗണിലെ ഓട്ടോഡ്രൈവർ കരിവെള്ളൂർ വടക്കേയിൽ വീട്ടിൽ മനോളി ഷിനോജി (32)നെയാണ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂർ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന കിണറിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയശേഷം ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടിൽനിന്ന് കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്തതും പണിപൂർത്തിയാകാത്തതുമായ വീടിനോടുചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്ത് കഴുത്തിൽ കയർ കുരുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖവും മറ്റും മുറിഞ്ഞ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം.
ആൾമറയുടെ കല്ലുകൾ ഇളകി താഴെവീണ നിലയിലും കഴുത്തിൽ കുടുക്കിയ കയർ കിണറിന്റെ കപ്പിയിൽ കെട്ടിയനിലയിലുമായിരുന്നു. ദുബായിൽ ജോലിചെയ്തിരുന്ന ദിജിൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ ലൈനിൽ വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷിനോജിനെ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണിൽ വിളിച്ചുവരുത്തുകയും തുടർന്ന് പിന്നിൽനിന്ന് കഴുത്തിൽ കയർ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നൽകി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു.
തുടർന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താൻ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് കയർ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്ഐമാരായ ശശീന്ദ്രൻ ആലക്കാട്ട്, പി.വിനോദ് കുമാർ, കെ.എം.മനോജ് കുമാർ, ഇ.കെ.രമേശൻ, എഎസ്ഐമാരായ ശിവദാസൻ, സജേഷ്, കെ.പി.ഷിബുലാൽ എന്നിവർ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.