തൃശൂർ: കേരളത്തിലുള്ളവരെ കണ്ടാൽ ഇതര സംസ്ഥാനങ്ങൾക്ക് കൊറോണ പേടി. റോഡ് മാർഗം പോകുന്നവരെയാണ് പ്രത്യേകം പരിശോധന നടത്തി കടത്തിവിടുന്നത്. കർണാടക, തമിഴ്നാട് അതിർത്തികളിലാണ് പരിശോധന.
പ്രത്യേക ഉപകരണം ഉപയോഗിച്ച് ശരീരത്തിന്റെ ഉൗഷ്മാവ് അളന്ന് പനിയില്ലെന്ന് ഉറപ്പാക്കിയതിനുശേഷമേ ഈ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കടത്തി വിടുന്നുള്ളൂ. ഇതിനായി പ്രത്യേക ആരോഗ്യ സംഘത്തെ തന്നെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിയമിച്ചിരിക്കയാണ്.
ഇവർ സ്വകാര്യ വാഹനങ്ങളിൽ വരുന്നവരെയും ബസിൽ വരുന്നവരെയും പ്രത്യേകം പരിശോധിച്ചതിനുശേഷം മാത്രമേ അവരുടെ സംസ്ഥാനങ്ങളിലേക്ക് കടത്തിവിടുന്നുള്ളൂ. ഇതിൽ പനിയുണ്ടെന്ന് കണ്ടെത്തുന്നവരെ നിർബന്ധമായും തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
ഇത് നിരവധി പ്രശ്നങ്ങൾക്കും അതിർത്തികളിൽ കാരണമാകുന്നുണ്ട്. ചിലർക്ക് യാത്രതന്നെ ഉപേക്ഷിക്കേണ്ടിയും വന്നു. എന്നാൽ കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് യാതൊരു പരിശോധനകളുമില്ല.
കേരളത്തിലേക്ക് ചൈനയിൽ നിന്നു വന്നവരെപ്പോലെ മറ്റു സംസ്ഥാനങ്ങളിലേക്കും നിരവധി വിദ്യാർഥികൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവർ യാത്ര ചെയ്യുകയും വിനോദ സഞ്ചാരത്തിന് പോകുകയും ചെയ്യുന്നുണ്ട്. എയർപോർട്ടുകളിൽ ഇവരെ പരിശോധന നടത്തിയെന്ന ബലത്തിലാണ് സ്വാതന്ത്ര്യം നൽകിയിരിക്കുന്നത്.
കേരളത്തിൽ ചൈനയിൽനിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിച്ചതിനുശേഷം മാത്രമേ പുറത്തേക്ക് വിടുകയുള്ളൂ. വീടുകളിലാണ് പലരെയും നിരീക്ഷിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ നിരീക്ഷിക്കാൻ ഇതുവരെ കേരളത്തിൽ സംവിധാനമില്ലാത്തതിനാൽ ചൈനയിൽനിന്ന് അയൽ സംസ്ഥാനങ്ങളിലിറങ്ങി വരുന്നവരെ കണ്ടെത്താനാകില്ല.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചൈനയിലേക്ക് പഠിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി പോയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇവരിൽ ഒട്ടു മിക്കവരും അതാത് സംസ്ഥാനങ്ങളിൽ മടങ്ങിയെത്തിയിട്ടുണ്ട്.
കേരളത്തിൽ കർശനമായ പരിശോധനയും നിരീക്ഷണവും ഉള്ളതിനാലാണ് കൊറോണ ആദ്യം തന്നെ കണ്ടെത്താനായതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ല