ചെങ്ങന്നൂർ: വായ്പാ തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട, ചെന്നീർക്കര തുന്പമണ് ഏറം മുറിയിൽ ഊന്നുകൽ, കണ്ണങ്കര വീട്ടിൽ ആതിരയെ(39) യാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്.
ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗം കേന്ദ്രമാക്കിയായിരുന്നു തട്ടിപ്പ്. ചെറുകിട വ്യവസായം തുടങ്ങാൻ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 30 പേരിൽ നിന്നാണ് യുവതി തട്ടിപ്പ് നടത്തിയെന്ന് പോലീസ് പറഞ്ഞു.
പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പവർടെക് കന്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് യുവതി ഇവിടെ എത്തിയത്. ആഴ്ചയിൽ 300 രൂപ വീതം എഴുപതിനായിരം രൂപ നൽകിയാൽ ഒരുലക്ഷം രൂപ കന്പനി നൽകുമെന്ന മോഹന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഒരാഴ്ച പണം പിരിച്ചു കഴിഞ്ഞപ്പോൾ പണം കൊടുത്തവർക്കു സംശയം തോന്നുകയും അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രതിനിധി സ്ഥലത്തെത്തിയതോടെ യുവതിയുടെ കള്ളി വെളിച്ചത്തായി.
ചെങ്ങന്നൂരിൽ ഇപ്രകാരം 30 പേരെയാണ് പറ്റിച്ചത്. പത്തനാപുരം ഭാഗത്തു നിന്നാണ് യുവതിയെ അറസ്റ്റുചെയ്തത്. റിമാൻഡിലായ യുവതി പത്തനാപുരം ഭാഗത്തുനിന്ന് സമാനമായ തട്ടിപ്പ് നടത്തി 40 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു.
അതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ചെങ്ങന്നൂർ ഭാഗത്ത് സമാന തട്ടിപ്പ് നടത്തിയത്. മാന്നാറിലും ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നു.
ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ്ഐ എസ്.വി. ബിജു, എസ്ഐ മുരളീധരൻ പിള്ള, പ്രൊബേഷണറി എസ്ഐ വിഷ്ണു, വനിതാ പ്രൊബേഷണറി എസ്ഐ അലീന, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രാജി, ബിന്ദു എന്നിവരാണ് കേസന്വേഷണത്തിനു നേതൃത്വം നൽകിയത്. യുവതിയെ റിമാൻഡ് ചെയ്തു.