നെന്മാറ: നെന്മാറ-പോത്തുണ്ടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് മന്ദഗതിയിലായതോടെ ബസ് സ്റ്റാൻഡിലേക്കും നെല്ലിയാന്പതിയിലേക്കും പോകുന്ന പ്രധാന റോഡായ പോസ്റ്റോഫീസ് റോഡ് ആഴ്ചകളായി തടസപ്പെടുത്തിയതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
സ്റ്റാൻഡിലേക്കു വരുന്ന ബസുകളും പോത്തുണ്ടി, നെല്ലിയാന്പതി, കരിന്പാറ ഭാഗങ്ങളിലേക്കും ഗവണ്മെന്റ് ആശുപത്രിയിലേക്കും ക്രിസ്തുരാജ ദേവാലയത്തിലേക്കും വരുന്ന മറ്റു വാഹനങ്ങളുടേയും യാത്ര പ്രധാന കവാടത്തിലൂടെ മാത്രമായതോടെ വാഹനയാത്ര ക്ലേശകരമാണ്.
നിലവിലുള്ള പാതയുടെ വീതിയിൽ നെന്മാറ പോസ്റ്റോഫീസ് ജംഗ്ഷൻമുതൽ പോത്തുണ്ടിഡാം കുടവരെ എട്ടുകിലോമീറ്റർ റോഡാണ് വീണ്ടും ടാർ ചെയ്തുവരുന്നത്. റോഡ് തുടങ്ങുന്നതുമുതൽ കുറച്ചുദൂരംവരെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യും. ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2.5 കോടി രൂപ മുടക്കിയാണ് നവീകരണ ജോലികൾ നടത്തുന്നത്.
റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും തടസമാകുന്നതിനാൽ കൂടുതൽ അറ്റകുറ്റപണി ചെയ്യുന്നതിന് കഴിയുന്നില്ലത്രെ. 5.5 മുതൽ ആറുമീറ്റർ വീതിയുള്ള റോഡിൽ മൂന്നുസെന്റി മീറ്റർ കനത്തിലായിരിക്കും ടാറിംഗ്.പലയിടങ്ങളിലും ശരിയായ തോതിൽ ടാറിംഗ് നടന്നിട്ടില്ലെന്ന പരാതിയും പ്രദേശവാസികൾക്കിടയിലുണ്ട്.
150 മീറ്ററോളം നീളം റോഡ് പണികൾ പൂർത്തിയാക്കിയാൽ ബസ് സ്റ്റാൻഡിനോടു ചേർന്ന റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാമെന്നും വ്യാപാരികൾ പറയുന്നു. നെന്മാറ-പോത്തുണ്ടി റോഡുപണി പൂർത്തിയായാൽ നെല്ലിയാന്പതി യാത്ര സുഗമമായി തീരുമെന്ന പ്രതീക്ഷയിലാണ്.