തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഗവർണറാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. അഴിമതി നിരോധനനിയമം 17 (എ) പ്രകാരമാണ് അനുമതി. ഇതനുസരിച്ച് അറസ്റ്റ് ചെയ്യാനും കുറ്റപത്രത്തിൽ പേരുചേർക്കാനും കഴിയും.
കരാർ വ്യവസ്ഥകൾ ലംഘിച്ച് കരാർ ഏറ്റെടുത്ത കമ്പനിക്ക് മുൻ കൂറായി എട്ടു കോടി രൂപ നൽകിയെന്ന ആരോപണത്തിലാണ് ഇബ്രാഹിം കുഞ്ഞ് അന്വേഷണം നേരിടുന്നത്. കരാറുകാർക്ക് മുൻകൂർ പണം നൽകിയതിലൂടെ സർക്കാർ ഖജനാവിന് 54 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
എംഎൽഎകൂടിയായ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു. എജിയിൽനിന്നടക്കം നിയമോപദേശം തേടിയശേഷം സർക്കാർ ഈ കത്ത് ഗവർണർക്ക് കൈമാറിയിരുന്നു. മൂന്നു മാസം മുമ്പാണ് ഗവർണർക്ക് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി വിജിലൻസിനെ സർക്കാർ അറിയിക്കും.
ആര്‍ഡിഎസ് പ്രൊജക്ട്സ് എംഡി സുമിത് ഗോയലിന്റെ ലാപ് ടോപ്പിൽനിന്നും ഇബ്രാഹിം കുഞ്ഞിനെതിരായ നിരവധി തെളിവുകൾ ലഭിച്ചിരുന്നു. ആർക്കൊക്കെ പണം കൈമാറിയെന്ന് സുമിത് ഗോയലിന്റെ ലാപ് ടോപ്പിൽനിന്നും വിജിലൻസ് ശേഖരിച്ചിരുന്നു. മന്ത്രിയും ബന്ധുക്കളും ഇക്കാലയളവിൽ സ്വന്തമാക്കിയ സ്വത്തുവകകളെക്കുറിച്ചും വിജിലൻസ് അന്വേഷിച്ചിരുന്നു.