വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നടപടി.
ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് താത്കാലികമായി റദ്ദാക്കും. വയനാട് ആർടിഒയുടേതാണ് നടപടി. ഇരുവരോടും തിങ്കളാഴ്ച ആർടിഒ മുൻപാകെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം.
ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. ഗതാഗത കമ്മീഷണറോടും കെഎസ്ആർടിസി എംഡിയോടുമാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്.