കണ്ണൂർ: രണ്ടുവർഷം മുന്പ് കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയെ ചെന്നൈയിൽ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിയായ യുവാവിനെയാണു വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്.
ചെന്നൈയിൽ സ്വകാര്യ കോളജിൽ മൂന്നാം വർഷ എൻജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായില്ല.
ഇതിനിടെ, യുവാവിന്റെ പിതൃസഹോദരനായ കേണൽ കണ്ണൂരിലെ സൈനിക കേന്ദ്രമായ ഡിഎസ്സി സെന്ററിൽ ട്രാൻസ്ഫറായി എത്തുകയും ഇദ്ദേഹം കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
അമ്മയില്ലാത്ത അവന് അച്ഛനായിരുന്നു എല്ലാമെല്ലാമെന്നും എന്നാൽ, കേന്ദ്ര ഗവൺമെന്റിൽ അണ്ടർ സെക്രട്ടറിയായിരുന്ന അച്ഛൻ വിരമിച്ചു രണ്ടാം മാസം മരിച്ചതോടെ അനാഥനായിപ്പോയെന്ന ചിന്തയിലായിരിക്കാം സഹോദരന്റെ മകനെ കാണാതായതെന്നും കേണൽ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ചെന്നൈയിലെയും ചങ്ങനാശേരിയിലെയും പോലീസ് അന്വേഷണത്തിൽ തുന്പുണ്ടാകാതെ വന്നതോടെയാണ് അവസാന ഘട്ടമെന്നനിലയിൽ കേണൽ കണ്ണൂർ ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലുമായി സംസാരിക്കുന്നത്.
പരാതി ലഭിച്ചതോടെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, സഹപ്രവർത്തകരായ മുരളി, രാജീവൻ എന്നിവർക്കൊപ്പം 18 ദിവസത്തോളം ചെന്നൈയിൽ പോയി അന്വേഷിച്ചപ്പോഴാണ് ചെന്നൈയ്ക്കടുത്ത ഷോളിംഗ നെല്ലൂർ എന്ന സ്ഥലത്തെ ഒരു പഴയ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുന്ന നിലയിൽ യുവാവിനെ കാണുന്നത്.
ഒരു ബേക്കറിയിൽ ജോലിയെടുത്ത് അതതു ദിവസം ജീവിതം തള്ളിനീക്കുകയായിരുന്നു കോടികളുടെ ആസ്തിയുള്ള ഈ യുവാവ്. ആ പ്രദേശത്തെ ഒരു കടയിൽനിന്ന് യുവാവിന്റെ പേരിൽ വാങ്ങിയ കുറിപ്പാണ് പോലീസ് അന്വേഷണത്തിനു തുന്പായത്.
തുടർന്ന് ഈ യുവാവിനെയും കൂട്ടി കണ്ണൂരിലെത്തികോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു.
പിതൃസഹോദരനായ കേണലിനൊപ്പം യുവാവ് പോയി. രണ്ടു വർഷത്തിനു ശേഷം സഹോദരന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കേണലും കുടുംബവും. ഏകമകനായ യുവാവിന്റെ പേരിൽ പരേതരായ മാതാപിതാക്കൾ ഒന്നരക്കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസിയെടുത്തിരുന്നത് ഇപ്പോൾ കാലാവധിയെത്തുകയും ചെയ്തിട്ടുണ്ട്.