പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ ജോലിയില്‍ പുനക്രമീകരണം നടത്തുന്നതു സജീവ പരിഗണനയിലാണെന്നു പ്രിന്‍സിപ്പൽ ഡോ.എന്‍.റോയ്. ഇതു സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കാര്‍ഡിയോളജി വിഭാഗമായി പ്രവര്‍ത്തിക്കുന്ന പഴയ ഹൃദയാലയയില്‍ നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ ഇല്ലെന്നും അത്തരം ജോലികളും നഴ്സുമാരാണു ചെയ്യുന്നതെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന നിലയില്‍ നഴ്സിംഗ് അസിസ്റ്റന്റുമാരെ കൂടുതലായി നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവരുടെ നിയമനം നടക്കുമ്പോള്‍ നഴ്സുമാരെ പുനര്‍വിന്യസിക്കുമെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. തുല്യതൊഴില് തുല്യനീതി വേണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം നഴ്സുമാര്‍ ആരോഗ്യമന്ത്രിക്കു നിവേദനം നല്‍കിയത്.
നേരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഹൃദയാലയ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയും മെഡിക്കല്‍ കോളജും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ഒരുവിഭാഗത്തിനു തുല്യതൊഴില് നീതി നിഷേധിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നത്.