ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ രോഗികളോടൊപ്പം എത്തുന്നവരില്‍ ചിലര്‍ വനിതാ ജീവനക്കാരികളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ എടുക്കുകയും ചെയ്യുന്നത് പതിവാകുന്നതായി പരാതി.
ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തുന്നത് ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടാലാണ് ഇവരെ പിടികൂടുന്നത്. തുടര്‍ന്നു ഫോണ്‍ പരിശോധിച്ച് അത്യാഹിത വിഭാഗത്തില്‍വച്ച് എടുത്തിട്ടുള്ള മുഴുവന്‍ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും ഡിലീറ്റ് ചെയ്ത ശേഷമാണ് ഇവരെ പുറത്തുവിടുന്നത്.
ജീവനക്കാര്‍ രേഖാമൂലം പരാതി നല്കാത്തതിനാല് പോലിസിനു നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം താന്‍ കൊണ്ടുവന്ന രോഗിക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെ അടക്കമുള്ള മറ്റു ജീവനക്കാരുടെയും ഫോട്ടോയും വീഡിയും ഒരാള്‍ പകര്‍ത്തിയിരുന്നു.
ഇതു ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരി ഇയാളെ പിടികൂടി അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്നും പുറത്തിറക്കി. വീണ്ടും അത്യാഹിത വിഭാഗം പ്രവേശന കവാടത്തില്‍ നില്ക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ഫോട്ടോ മൊബൈലില്‍ പകര്‍ത്തി.
സംഭവം അറിഞ്ഞ് പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരിന്ന സിപിഒ ചോദിച്ചെങ്കിലും പരസ്യമായി അസഭ്യം പറയുകയാണ് ഇയാള്‍ ചെയ്തത്. പോലീസിനെ പരസ്യമായി അസഭ്യം പറഞ്ഞതിന്റെ പേരില്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രോഗിയുടെ ആരോഗ്യനില മോശമായതിനാല്‍ വിട്ടയയ്ക്കുകയായിരിന്നു.
അത്യാഹിത വിഭാഗത്തിലും മെഡിക്കല്‍ കോളജ് ആശുപത്രി പരിസരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ ഒഴികെയുള്ളവര്‍ ചിത്രം പകര്‍ത്തുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യം.