പത്തനംതിട്ട: സാമൂഹിക പ്രതിബദ്ധതയെന്ന നിലയില്‍ പ്ലാസ്റ്റിക് നിരോധനവുമായി സഹകരിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന് പാല് കവറുകളിലാക്കി നല്കുന്നതിനു ബദല്‍ ക്രമീകരണങ്ങള്‍ ആലോചിക്കുമെന്ന് ചെയര്മാന് കല്ലട രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രാഥമികഘട്ടമായി തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ മില്‍ക്ക് എടിഎമ്മുകള്‍ സ്ഥാപിക്കും. ക്ഷീരവിപണനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്യകരിച്ചിട്ടുള്ള കര്‍മപദ്ധതിയുടെ ഭാഗമാണിത്.
നേരത്തെ വാഹനങ്ങളില്‍ പാല് വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നു. ഇതിനോട് ഉപഭോക്താക്കളുടെ സഹകരണം മെച്ചമല്ലായിരുന്നു. പ്രതിദിനം മില്‍മ വില്പന നടത്തുന്ന പാലിന്റെ ഒഴിഞ്ഞ കവറുകള്‍ തിരികെ എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ കേരള കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്.
കവറുകള്‍ ശേഖരിച്ച് കമ്പനിക്ക് എത്തിച്ചാല്‍ മില്‍മ അതിന്റെ വില നല്‍കാമെന്നതാണ് ധാരണ. പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി പാല് പായ്ക്ക് ചെയ്യുന്നതിനുള്ള കവറുകള്‍ പരിഗണനയിലുണ്ടെന്നും ചെയര്മാന് പറഞ്ഞു. നിലവില്‍ ക്ഷീരകര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
നാല് രൂപ പാലിന് വര്‍ധിച്ചപ്പോള്‍ അതില്‍ 3.35 രൂപയും കര്‍ഷകര്‍ക്കാണ് നല്‍കിയത്. എന്നാല്‍ കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധന പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇതോടൊപ്പം വരള്‍ച്ച രൂക്ഷമായതോടെ ഉത്പാദനരംഗത്തും കുറവുണ്ടായി. സംസ്ഥാനത്തു നിലവില്‍ പാല് ലഭ്യതയില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്.
പുറമേ നിന്നുള്ള പാലിന്റെ വരവും കുറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം മേഖലയില്‍ 972 ക്ഷീരസംഘങ്ങളിലെ 45300 കര്‍ഷകരിലൂടെ 3.3 ലക്ഷം പാലാണ് പ്രതിദിനം സംഭരിക്കുന്നത്. 7544 വിപണന കേന്ദ്രങ്ങളിലൂടെ പ്രതിദിനം അഞ്ചു ലക്ഷം ലിറ്റര്‍ പാലും പാല് ഉത്പന്നങ്ങളും വില്പന നടത്തിവരുന്നുണ്ട്.
പത്തനംതിട്ട ജില്ലയില്‍ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ മില്‍മ ഏറെ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു. നിലവില്‍ 38,000 – 40,000 ലിറ്റര്‍ പാലാണ് ജില്ലയില്‍ സംഭരിക്കുന്നത്. 65,000 – 70,000 ലിറ്റര്‍ പാലിന്റെ വില്പനയുമുണ്ട്. പത്തനംതിട്ടയിലെ ഡെയറി ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയോടെയുള്ളതാണ്.
ജില്ലയിലെ പ്രാഥമിക സംഘങ്ങളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. 175 സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതല ഗ്രാമോത്സവത്തിന് ഇന്ന് അഴൂർ റോഡിലെ ഡോ.വർഗീസ് കുര്യൻ നഗറിൽ തുടക്കമായി.