വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസ് കൊലക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചതെന്ന് അന്വേഷണ സംഘത്തലവന് കോഴിക്കോട് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജോളി ഉള്‍പ്പെടെ മൂന്നുപേരാണ് ഈ കേസിലും പ്രതിസ്ഥാനത്തുള്ളത്. കുറ്റപത്രത്തിൽ 1069 പേജുണ്ട്. 175 സാക്ഷികളും 173 രേഖകളും അടങ്ങിയ കുറ്റപത്രം കേസന്വേഷിച്ച കുറ്റ്യാടി സിഐ സുനില്‍കുമാറാണ് കോടതിയില്‍ സമർപ്പിച്ചത്.
സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ 2008 ഓഗസ്റ്റ് 26-നാണ് റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസിനെ കൊലപ്പെടുത്തിയത്. ഇതിനു പിന്നിലും ജോളിയാണെന്ന് വ്യക്തമായത് ആദ്യഭര്‍ത്താവ് റോയ് തോമസ് വധക്കേസ് അന്വേഷണത്തിനിടെയാണെന്ന് എസ്പി പറഞ്ഞു. റോയ് തോമസിന്റെ പിതാവാണ് ടോം തോമസ്.
മഷ്റൂം കാപ്സ്യൂള്‍ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ അത് മുതലെടുത്ത് കാപ്സൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ജോളി കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
വീട്ടിലെ സന്ധ്യാ പ്രാര്‍ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഈ സമയം ജോളി അകത്ത് ഭാവവ്യത്യാസമില്ലാതെ മറ്റു ജോലിയില്‍ ഏര്‍പെടുകയായിരുന്നു. വീട്ടില്‍ കാറുണ്ടെങ്കിലും താക്കോല്‍ ഇല്ലെന്നു ജോളി പറഞ്ഞതിനെ തുടര്‍ന്ന് ഏറെ സമയം കഴിഞ്ഞ് ഒട്ടോറിക്ഷയിലാണ് ടോം തോമസിനെ ആശുപത്രിയില്‍ എത്തിച്ചത്.
ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ്.മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം.
ജോളിയുടെ മകന് റെമോയാണ് പ്രധാന സാക്ഷി. കാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ആദ്യം ഓടിയെത്തിയ അയല്‍ക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്.
സ്വത്തിനു വേണ്ടിയാണ് കൊലപാതകമെന്നു വ്യക്തമാണ്. ഒന്നാമത്തെ ഒസ്യത്ത് ശരിയാവില്ലെന്നു കണ്ട് രണ്ടാമതും ഉണ്ടാക്കി. ഇതിനു കൂട്ടുനിന്ന സിപിഎം പ്രാദേശിക നേതാവിനെ പ്രതി ചേര്‍ക്കാത്തത് എന്ത്കൊണ്ടാണെന്ന ചോദ്യത്തിന് അയാളെ മറ്റൊരു കേസില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് എസ്പി മറുപടി പറഞ്ഞത്.
വടകര ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, എഎസ്ഐ മനോജ് കുമാര്‍ , ബാലുശേരി എഎസ്ഐ ഗിരീഷ്കുമാര്‍, നാദാപുരം എഎസ്ഐ ബാബു എന്നിവരും ടോം തോമസ് കൊലക്കേസ് അന്വേഷണത്തില്‍ ഏര്‍പെട്ടു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യത്തെ മരണമായ അന്നമ്മ വധക്കേസില്‍ കുറ്റപത്രം തിങ്കളാഴ്ച സമർപ്പിക്കും. ഇതോടെ ആറുകേസിലും കുറ്റപത്രസമര്‍പ്പണം പൂര്‍ത്തിയാകും.
എല്ലാ കേസിലും കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കാന് പോലീസിന് സാധിച്ചിട്ടുണ്ട്.