മുക്കം: ജില്ലയിലെ പ്രമുഖ സ്പെഷൽ സ്കൂള് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. തോട്ടുമുക്കം സ്വദേശി കരിങ്ങത്തടത്തിൽ അനീഷിന്റെ ഇളയ മകൾ അനു ആണ് ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
രണ്ടു ദിവസം മുന്പ് സ്കൂൾ ഹോസ്റ്റലിൽ തലചുറ്റി വീണു ഛർദിച്ചു എന്നു പറഞ്ഞു മെഡിക്കൽ കോളജിൽ കൊണ്ട് പോവുകയായിരുന്നു. രാവിലെ ഛർദിച്ചു അവശയായ വിദ്യാർത്ഥിനിയെ വൈകുന്നേരമാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്.
സംഭവം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഹോസ്റ്റലിലെ ഹെൽപ്പർ വിദ്യാർത്ഥിനിയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ കുട്ടിക്ക് ശ്വാസതടസം ഉണ്ടായി. പിന്നീട് വെന്റിലേറ്ററിൽ ആയിരുന്നു രണ്ടു ദിവസം.
എന്നാൽ തല ചുറ്റി വീണതല്ലന്ന കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് ഉണ്ടായ സംശയം കാരണം മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
തുടർന്ന് കുട്ടിയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ കേസെടുത്തത് കഴിഞ്ഞ ദിവസം ബധിര സംഘടനാ പ്രതിനിധികൾ മരിച്ച അനുവിന്റെവീട് സന്ദർശിക്കയും അനു പഠിക്കുന്ന സ്ഥാപനത്തിൽ തന്നെ പഠിക്കുന്ന അവളുടെ സഹോദരിയുമായി സംസാരിക്കുകയും ചെയ്തപ്പോഴാണ് .
ഹോസ്റ്റലിൽ വെച്ച് ആയ (ഹെൽപ്പർ) കുട്ടിയെ മർദിച്ച സംഭവം പുറത്തെത്തുന്നതും അപ്പോഴാണ്. ഈ ഹോസ്റ്റലിൽ മിക്കവാറും ദിവസങ്ങളിൽ കുട്ടികളെ തല്ലാറുണ്ടന്ന് സഹോദരി പറയുന്നു.
അനുവിന്റെ സഹോദരി പറയുന്നത് :
ഹോസ്റ്റലിലെ ആയ എപ്പോഴും വടികൊണ്ട് നന്നായി അടിക്കും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് തലേഭിവസം വൈകുന്നേരംവരെ അനുവിന് ഒരു കുഴപ്പുമില്ലായിരുന്നു. പിറ്റേന്ന് രാവിലെയും നല്ല സന്തോഷത്തിൽ തന്നെയായിരുന്നു.
പിന്നീട് ഛർദ്ദിച്ചു. കുറച്ച് കഴിഞ്ഞ് ചായ കുടിക്കാൻ വിളിച്ചപ്പോൾ ചായ വേണ്ട എന്ന് പറഞ്ഞു. ഈ കാര്യം ഹോസ്റ്റലിലെ ആയയോട് പറഞ്ഞപ്പോൾ അവളെ വടികൊണ്ട് അടിച്ചതായും തുടർന്ന് അവളെ ചായ കുടിപ്പിച്ചതായും പറയുന്നു .
കുറച്ച് കഴിഞ്ഞ് അവളോട് കുളിക്കാൻ പറഞ്ഞങ്കിലും കൂട്ടാക്കാത്തതിനെ തുടർന്ന് താൻ അവളെ കുളിപ്പിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്ക് ഭക്ഷണം ബിരിയാണി ആയിരുന്നങ്കിലും അവൾ കഴിച്ചില്ല. വൈകുന്നേരം ചായ കൊണ്ടുപോയി കൊടുത്തപ്പോഴും കുടിച്ചില്ല.
ആ കാര്യം ആയയോട് പറഞ്ഞപ്പോൾ വേണ്ടെങ്കിൽ കുടിക്കണ്ട എന്ന് പറഞ്ഞു. പിന്നീട് താൻ കളിക്കാൻ പോയി. ആറു മണി ആയപ്പോൾ അവൾക്ക് സുഖമായോ എന്ന് അന്വേഷിക്കാൻ ചെന്നപ്പോ കണ്ണ് തുറന്നില്ല. കൂട്ടുകാരികൾ പറഞ്ഞതനുസരിച്ച് മുഖത്ത് വെള്ളം കൊണ്ടുവന്നു തളിച്ചങ്കിലും എഴുന്നേറ്റില്ല.
അപ്പോൾതന്നെ ആയയെ വിവരം അറിയിച്ചു. ഉടൻ തന്നെ ഓട്ടോയിൽ അവളെ ആശുപത്രിയിൽ കൊണ്ടുപോയി . ഹോസ്റ്റലിൽ നിന്ന് നേരിട്ട ക്രൂരമർദ്ദനമാണ് മരണകാരണമെന്നാണ് കുടുംബവും നാട്ടുകാരും പറയുന്നത്.
ഒപ്പം മറ്റെന്തങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവർ പറയുന്നു. ഈ കുഞ്ഞിനോട് കാണിച്ച ക്രൂരതയ്ക്കെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങുകയാണ് നാട്ടുകാരും .