പയ്യന്നൂര്‍: കേന്ദ്രം ഭരിക്കുന്ന മോദിയും കേരളം ഭരിക്കുന്ന പിണറായിയും ചേട്ടന് ബാവയും അനിയന് ബാവയുമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നത് രാജ്യദ്രോഹികളാണെന്ന് പിണറായി പറഞ്ഞതായി വെളിപ്പെടുത്തിയാണ് പിണറായിയുമായുള്ള ബന്ധം മോദി തുറന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും പൗരത്വ നിയമ ഭേദഗതിക്കെതിരേയും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി നയിക്കുന്ന സഹന സമര പദയാത്രയുടെ ഒമ്പതാം ദിവസത്തെ പര്യടനം രാമന്തളി സെന്‍ട്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ ജനാധിപത്യ വുരുദ്ധ നടപടിയെ ജനങ്ങളിലെത്തിക്കാനാണ് ഈ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 6888 കോടിരൂപ പ്രതിവര്‍ഷം ലാഭമുണ്ടാക്കിയിരുന്ന ബിപിസിഎല്‍ ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലയ്ക്കുകയാണ്.
ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന, വിദ്യാഭ്യാസമില്ലാതിരുന്ന, പാര്പ്പിടമില്ലാതിരുന്ന ഈ രാജ്യത്തെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്.ഇതിന്റെ ഭാഗമായുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനുള്ള അധികാരം ഭരണഘടന പ്രകാരം പ്രധാന മന്ത്രിക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ പെന്ഷന് കൊടുക്കുന്നത് നിര്‍ത്തി.കേരളത്തിലെ പൊതുഖജനാവില്‍ പണമില്ല എന്നതാണ് കാരണം. ഖജനാവിലെ പണമെല്ലാം എവിടെപോയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ദ്രോഹങ്ങള്‍ വിവരിച്ചാല്‍ തീരാത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാമന്തളി മണ്ഡലം പ്രസിഡന്റ് വി.വി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജാഥാലീഡര്‍ സതീശന് പാച്ചേനി, എ.പി.നാരായണന്, അഡ്വ.ഡി.കെ.ഗോപിനാഥ്, എം.കെ.രാജന്, മാര്ട്ടിന് ജോര്‍ജ്, ജോഷി കണ്ടത്തില്‍, ടി.കരുണാകരന്, എസ്.എ.ഷുക്കൂര്‍ ഹാജി, അത്തായി പത്മിനി തുടങ്ങിയവര്‍ സംസാരിച്ചു.
സഹന സമര പദയാത്രയുടെ ഇന്നത്തെ പര്യടനം ഇന്ന് വൈകുന്നേരം അഞ്ചിന് കരിവെള്ളൂരില്‍ സമാപിക്കും. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലന് ഉദ്ഘാടനം ചെയ്യും.