
പേരാമ്പ്ര: നാട്ടിന് പുറങ്ങളിലെ കവുങ്ങിന് തോട്ടങ്ങളില്‍ അഴുകി മണ്ണാവുന്ന പാളയില്‍ കമനീയ കരകൗശലങ്ങള്‍ നിര്‍മിച്ച് പേരാമ്പ്ര കല്ലോട് കൈപ്രത്തെ തെക്കേട്ടില്‍ മീത്തല്‍ ശാന്തി ശ്രദ്ധയാകർഷിക്കുന്നു.
20 വര്‍ഷക്കാലമായി തുണിയും പേപ്പറും ഉപയോഗിച്ച് ചവിട്ടിയും പൂക്കളും നിര്‍മിച്ച് വരുന്ന ഇവര്‍ അടുത്ത കാലത്താണ് പാളയിലേക്ക് ശ്രദ്ധതിരിഞ്ഞത്.
ടയ്ലറിംഗ് ഷോപ്പുകളില്‍ ബാക്കി വരുന്ന തുണിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വിവിധ ആകൃതിയിലും ഡിസൈനിലും ചവിട്ടികള്‍ നിര്‍മിക്കുന്നു. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ തോന്നിയതാണ് ചവിട്ടി നിര്‍മ്മാണവും പൂ നിര്‍മ്മാണവുമെല്ലാം.
കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് ഇവര്‍ നിര്‍മിച്ച ചവിട്ടി വില്പനക്കായി കൊണ്ടുപോവുന്നുണ്ട്. പേരാമ്പ്രയിലെ പ്രമുഖ വസ്ത്ര നിര്‍മാണ യൂണിറ്റാണ് ഇവര്‍ക്ക് ആവശ്യമായ പാഴ്തുണികള്‍ എത്തിച്ചു കൊടുക്കുന്നത്. ചവിട്ടിയില്‍ നിന്നും ക്രമേണ പൂക്കളിലേക്കും ശ്രദ്ധതിരിച്ചു.
പ്ലാസ്റ്റിക്ക് നിരോധനം വന്നതോടെ ഇത്തരം ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയായി. പാഴ്വസ്തുക്കളെയെല്ലാം തന്റെ കലാപ്രകടനത്തിന് ഉപയോഗിക്കുന്ന ശാന്തി അടക്കാ തോലില്‍ പൂക്കള്‍ നിര്‍മ്മിക്കുന്ന പരീക്ഷണത്തിലാണ്.
ഉണക്ക അടക്കയുടെ തൊലി ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. ഭര്‍ത്താവ് ടി.എം. മോഹനനും മക്കളായ അശ്വന്തും സായന്തും ശാന്തിക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.