തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ തൈക്കാട് വില്ലേജ് ബ്രഹ്മകുളം പുതുവീട്ടിൽ സലീമിന്റെ മകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതിയാണ് വാദം കേൾക്കുന്നത്. കുറ്റപത്രം പ്രതികളെ കോടതി വായിച്ചുകേൾപ്പിച്ചു. പ്രതികൾ കുറ്റം നിഷേധിച്ചതിനെത്തുടർന്ന് തെളിവെടുപ്പിനു ഹാജരാകാനാവശ്യപ്പെട്ടു സാക്ഷികൾക്കു സമൻസയയ്ക്കാൻ കോടതി ഉത്തരവായി.
2013 നവംബർ നാലിനു വൈകീട്ട് ആറരയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാസിലും സുഹൃത്തും ജോലികഴിഞ്ഞ് മോട്ടോർ സൈക്കിളിൽ പോകുന്പോൾ പ്രതികൾ പിൻതുടർന്ന് ഇരുന്പുപൈപ്പും വാളും ഉപയോഗിച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഡിനി ലക്ഷ്മണ് എന്നിവരാണ് ഹാജരാകുന്നത്.