കൊച്ചി: വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ ഇനിയും പിടികൂടാനുള്ള രണ്ടു പേർ കേരളത്തിന് പുറത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു.
സംഭവത്തിൽ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത മാമംഗലം ചെറിയപട്ടാരപ്പറന്പിൽ ജൂലി ജൂലിയൻ (37) സഹായിയും സുഹൃത്തുമായ കാക്കനാട് അത്താണി സ്വദേശി കെ.എസ്. കൃഷ്ണകുമാർ (മഞ്ജീഷ്-33) എന്നിവരെ കൃത്യം നടത്തുന്നതിന് സഹായം ചെയ്തവരാണ് ഇരുവരും. ഇവരെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായും ഇൻഫോപാർക്ക് എസ്ഐ ഷിജു പറഞ്ഞു.
അതേസമയം സംഭവത്തിൽ അറസ്റ്റ് ചെയ്ത ജൂലിയേയും കൃഷ്ണകുമാറിനെയും ഇന്നലെ റിമാൻഡ് ചെയ്ത് കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിൽവച്ചായിരുന്നു സംഭവം.
വളരെ നാളുകളായി അടുപ്പത്തിലുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂർവം യുവതി വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയും സഹായികളായ മറ്റു മൂന്നു പേരും ചേർന്ന് മർദിക്കുകയും വ്യവസായിയെ യുവതിക്കൊപ്പം ചേർത്തിരുത്തി നഗ്നനാക്കി ഫോട്ടോയും വീഡിയോയും എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് ഇവരെ പിടികൂടിയത്.
കൃഷ്ണകുമാറിനെ കാക്കനാടുനിന്നും ജൂലി ജൂലിയനെ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നുമാണ് പിടികൂടിയത്. വ്യവസായിയുടെ എടിഎം കാർഡും മൊബൈൽ ഫോണും കാറും തട്ടിയെടുത്ത സംഘം വ്യവസായിയുടെ എടിഎം കാർഡുപയോഗിച്ച് പല തവണയായി 50000 രൂപ എടുക്കുകയും ചെയ്തു.
പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാതായതോടെ നഗ്നഫോട്ടോ വ്യവസായിയുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഇതോടെ ഗത്യന്തരമില്ലാതായ വ്യവസായി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകുകയായിരുന്നു.
കൂടാതെ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടിൽനിന്നു കെട്ടിട ഉടമയുടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ മോഷ്ടിച്ച് വില്പന നടത്തിയ സംഭവത്തിൽ കാക്കനാട് നിലംപതിഞ്ഞിമുഗൾ സ്വദേശിയുടെ പരാതിയും ജൂലിക്കെതിരേ നിലവിലുണ്ട്.
വ്യവസായിയുടെ കാറും മൊബൈൽ ഫോണും വൈറ്റിലയിൽനിന്നും വാടക വീട്ടിൽനിന്നു തട്ടിയെടുത്ത ഗൃഹോപകരണങ്ങൾ കൃഷ്ണകുമാറിന്റെ വീട്ടിൽനിന്നും പോലീസ് കണ്ടെത്തി.