മാനന്തവാടി: പുലര്‍ച്ചെ റോഡുവക്കില്‍ പ്രസവിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സ് രക്ഷയായി.ചീക്കല്ലൂര്‍ പുളിക്കല്‍ വയലില്‍ കോളനിയിലെ ബിനുവിന്റെ ഭാര്യ പാര്‍വതിക്കും(27) കുഞ്ഞിനുമാണ് ആംബുലന്‍സ് രക്ഷയായത്.
വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് പാര്‍വതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്നു വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടി.
കണ്ട്രോള് റൂമില്‍നിന്ന് വിവരം ലഭിച്ചതനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്നു ആംബുലന്‍സ് ചീക്കല്ലൂരിലേക്ക് തിരിച്ചു. ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് പാര്‍വതിയെയും കൂട്ടി ബന്ധുക്കള്‍ റോഡിലേക്കും നടന്നു.
കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പാര്‍വതിക്ക് മുന്നോട്ട് നടക്കാന്‍ കഴിയാതെവന്നു. പാര്‍വതി പ്രസവവേദനകൊണ്ടു പുളയുന്നതിനിടെ പൈലറ്റ് കെ.ജി. എല്‍ദോ ആംബുലന്‍സുമായി സ്ഥലത്തെത്തി.
പാര്‍വതിയെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വി.വി. സ്വപ്ന പരിശോധിക്കുമ്പോഴേക്കും പ്രസവം നടന്നിരുന്നു. ഉടന്‍ അമ്മയെയും കുഞ്ഞിനെയും പ്രഥമശുശ്രൂഷ നല്കി കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാര്‍വതിയുടെ മൂന്നാമത്തെ പ്രസവമാണ് നടന്നത്.