![](https://www.rashtradeepika.com/library/uploads/2020/02/DAMODHARANMUKKAM.jpg)
മുക്കം: മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും മനുഷ്യർ അകന്ന് കൊണ്ടിരിക്കുമ്പോൾ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ദാമോദരൻ കോഴഞ്ചേരിയെന്ന പ്രകൃതി സ്നേഹിയെ തേടി എത്തിയത് വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം.
2016ൽ വനം വകുപ്പ് പ്രകൃതി മിത്ര പുരസ്കാരവും നൽകി ആദരിച്ചിരുന്നു. ജൈവവൈവിധ്യത്തിന്റെ നിലനിൽപ്പിനും പരിസ്ഥിതി സംരക്ഷണത്തിനും നദി, ജലസംരക്ഷണം, വൃക്ഷ സംരക്ഷണം, തണ്ണീർത്തട – കാവു സംരക്ഷണം, എന്നീ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന പുരസ്ക്കാരമാണ് ദാമോദരനെ തേടി എത്തിയത് .
2016 ൽ സിറ്റിസൺ കൺസർവേറ്ററായും ദാമോദരനെ നിയമിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി മുളകൾ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിച്ച് വരുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്ക്കാരം നൽകിയത്.
കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇരുവഴിഞ്ഞി പുഴയുടേയും ചാലിയാറിന്റേയും ചെറുപുഴയുടേയും തീരങ്ങൾ വ്യാപകമായി പുഴയെടുത്തപ്പോൾ തീരത്തിന് യാതൊരു ഇടിച്ചിലും സംഭവിക്കാത്ത സ്ഥലമാണ് ദാമോദരന്റേത്.
മുക്കം തൃക്കുട മണ്ണ ക്ഷേത്രക്കടവിനോട് തൊട്ടടുത്താണ് ദാമോദരൻ കോഴഞ്ചേരിയെന്ന പ്രകൃതി സ്നേഹി സംരക്ഷിച്ചു പോന്ന ഈപുഴ തീരം. തീരത്ത് വ്യാപകമായി മുളകൾനട്ടുപിടിപ്പിച്ചാണ് 10 വർഷമായി ഈ പ്രകൃതി സ്നേഹി തീരം സംരക്ഷിച്ചു പോരുന്നത്. ലാഭംഒന്നും മോഹിച്ചല്ലന്ന് മാത്രമല്ല വലിയ നഷ്ടം സഹിച്ചുമാണ് ഈ ത്യാഗം.
പത്ത് വർഷങ്ങൾക്ക് മുൻപ് കോഴഞ്ചേരി ദാമോദരനോട് പലരും എന്തിനാണ് നഷ്ടം സഹിച്ച് ഈ പ്രവൃത്തിയെന്ന് ചോദിച്ചിരുന്നങ്കിലും ലാഭത്തിന് വേണ്ടിയല്ല, പ്രകൃതിക്ക് വേണ്ടിയാണ് ഞാൻ മുളങ്കാട് നിർമിക്കുന്നത് എന്നാണ് ഒരു ചെറുപുഞ്ചിരിയോടെ ദാമോദരൻ നൽകിയ മറുപടി.
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കഴിഞ്ഞ രണ്ട് വർഷവും ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയിരുന്നു. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയോരത്തുള്ള ദാമോദരന്റേത് ഉൾപ്പെടെയുള്ള വീടുകൾ പൂർണമായും വെള്ളത്തിലായിരുന്നു.
എന്നാൽ, ദാമോദരന്റെ ഒരു തുണ്ട് ഭൂമി പോലും പുഴയിലേക്ക് പതിച്ചില്ല. വിദേശത്ത്, ഒരു പൂന്തോട്ടത്തിലെ ജീവനക്കാരനായിരുന്നു ദാമോദരൻ. നീണ്ട 18 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ, ഇരുവഴിഞ്ഞിപ്പുഴയോരം മലിനപ്പെട്ട് കിടക്കുന്നതാണ് കണ്ടത്.
പ്രകൃതിയോടിണങ്ങിയ രീതിയിൽ പുഴയോരമെങ്ങനെ മനോഹരമാക്കാമെന്ന ചിന്തയാണ് മുളങ്കാട് എന്ന ആശയത്തിലെത്തിച്ചത്. തുടർന്ന്, 2008 ൽ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് 250 മീറ്റർ പുഴയോരത്ത് മുളകൾ വച്ചുപിടിപ്പിച്ചു.
ആദ്യഘട്ടത്തിൽ കൊച്ചു തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. തുടർന്ന്, 500 രൂപ നിരക്കിൽ വളർച്ചയെത്തിയ 200 മുളത്തൈകൾ വയനാട്ടിൽ നിന്ന് കൊണ്ടുവന്ന് നടുകയായിരുന്നു. മണൽ ചാക്കുകൾക്കൊണ്ട് പുഴയോരം ഉയർത്തിയ ശേഷമാണ് മുളത്തൈകൾ വച്ചത്.
അധികൃതരുടെ പ്രത്യേക അനുവാദത്തോടെയാണ് മുളങ്കാട് നിർമിച്ചത്. രണ്ടു വർഷം കൊണ്ട് ഇവ പടർന്ന് പന്തലിച്ചു. ഒരോ വർഷവും പൊട്ടി മുളച്ച് വരുന്ന തൈകൾ എടുത്ത് മറ്റു സ്ഥലങ്ങളിലും നട്ടുവളർത്തിയതോടെ, ഇന്ന് 350 മീറ്ററോളം നീളത്തിൽ മുളങ്കാടുകളുണ്ടെന്ന് ദാമോദരൻ പറയുന്നു.
തൊഴിലാളികളെ വയ്ക്കാതെ ദാമോദരൻ സ്വന്തമായാണ് ഇത്രയേറെ മുളകൾ വച്ചുപിടിപ്പിച്ചത്. മുളയുടെ വേരുകൾ കാർപറ്റ് പോലെ മണ്ണിൽ ഇഴകിച്ചേർന്നതിനാൽ ശക്തമായ മഴയത്ത് പോലും മണ്ണിളകില്ലെന്ന് ദാമോദരൻ പറയുന്നു.
നിരവധി പേരാണ് മുളങ്കാട് സന്ദർശിക്കാനായും ഇവിടെയെത്തുന്നത്. വിദ്യാർഥികളുടെ പഠനക്യാമ്പുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും ഇവിടെ വച്ച് നടത്താറുണ്ട്. മുളങ്കാട് മാത്രമല്ല, വീടിന് ചുറ്റും അപൂർവ്വ ഇനം ചെടികൾ അടങ്ങിയ പൂന്തോട്ടവും മത്സ്യകൃഷിയുമുണ്ട്.
ഓട്ടോ തൊഴിലാളിയായ ദാമോദരൻ മുക്കത്തെ സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം കൂടിയാണ്. തിരുവനന്തപുരത്ത് നിന്ന് വനം വകുപ്പ് സംഘം നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. പ്രകൃതി മിത്രയിൽ നിന്ന് വനമിത്രയിലേക്ക് എത്തുമ്പോൾ സ്വന്തം സ്ഥലത്ത് മാത്രമല്ല പൊതുസ്ഥലത്ത് കൂടി മരങ്ങൾ വെച്ച് പിടിപ്പിച്ച് പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമാവാമെന്ന് ചാരിതാർത്ഥ്യത്തിലാണ് ദാമോദരൻ .
2016 ൽ പ്രകൃതി മിത്ര പുരസ്ക്കാരം നേടിയ ദാമോദരൻ കോഴഞ്ചേരിക്ക് ഇത്തവണ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നൽകിയത് വനമിത്ര പുരസ്കാരം ഇരുവഴിഞ്ഞിയുടെ ഈ സംരക്ഷകന് ലഭിച്ചത് അർഹതക്കുള്ള അംഗീകാരമാണന്നതിൽ തർക്കമില്ല.