കോട്ടയം: ബാലെ കന്പനിയുടെ മിനിബസ് നിയന്ത്രണം വിട്ടു അപകടം സംഭവിച്ചതു രണ്ടു തവണ. ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. അപകടത്തിൽ ആർക്കും പരിക്കില്ല.
ബേക്കർ ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്കാണ് മിനിബസ് ആദ്യം അപകടത്തിൽ പെട്ടത്. രാത്രിയിൽ വാഹനം അറ്റകുറ്റപ്പണിക്കായി മുന്നോട്ടെടുക്കുന്പോഴാണു നിയന്ത്രണം വിട്ടു വീണ്ടും അപകടം സംഭവിച്ചത്.
ഉച്ചയ്ക്കു പോസ്റ്റോഫീസിനു മുന്നിൽ നിന്നും ബേക്കർ ജംഗ്ഷനിലേക്കെത്തിയ മിനിബസ്് നിയന്ത്രണം വിട്ടു റോഡിൽ സ്ഥാപിച്ചിരുന്ന ഇരുന്പ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഗതാഗതം തടസപ്പെട്ടതോടെ പോലീസെത്തി വാഹനം റോഡരികിലേക്കു മാറ്റിയിട്ടു. രാത്രി ഒൻപതരയ്ക്കു അറ്റകുറ്റപ്പണി നടത്തുവാനായി വാഹനം മുന്നോട്ടെടുത്തപ്പോഴാണ് വീണ്ടും നിയന്ത്രണം നഷ്ടപ്പെട്ടത്.
വലിയ അപകടം സംഭവിക്കാതിരിക്കുന്നതിനു വേണ്ടി ഡ്രൈവർ ഫുട്പാത്തിലേക്കു വാഹനം ഇടിച്ചു നിർത്തുകയായിരുന്നു. ഈ സമയത്തു ഫുട്പാത്തിൽ ആളുകൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി.