തൊടുപുഴ: രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ ചാലാശേരി സ്വദേശി പ്രദീപിനെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്.
കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സ്കൂൾ അധ്യാപകരോട് പെണ്‍കുട്ടി പീഡന വിവരം പറയുകയായിരുന്നു.
സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപിക വിവരം സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു.
സ്കൂൾ അധികൃതരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചു. ജില്ലാ ചൈൽഡ് വെൽഫയർകമ്മിറ്റി ചെയർമാൻ പ്രഫ. ജോസഫ് അഗസ്റ്റിനും കമ്മിറ്റിയംഗം കെ.പി.മേരിയും അടിയന്തരമായി കേസെടുക്കാൻ കരിമണ്ണൂർ പോലീസിന് നിർദേശം നൽകി.
എന്നാൽ ആശുപത്രിയിൽ എത്തിച്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധന വൈകിപ്പിച്ചെന്ന് പരാതിയുയർന്നു. ഇന്നലെ രാത്രി വൈകിയാണ് വൈദ്യപരിശോധന നടത്തിയത്.
സംഭവം അറിഞ്ഞയുടൻ തന്നെ കേസെടുക്കാൻ നിർദേശം നൽകിയതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും കരിമണ്ണൂർ എസ്ഐ പി.ടി.ബിജോയ് പറഞ്ഞു. വനിത എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം മാത്രമാണ് എടുത്തതെന്നും പോലീസ് പറഞ്ഞു. രാത്രിയോടെ തന്നെ പ്രതിയെ അറസ്റ്റു ചെയ്തതായും എസ്ഐ പറഞ്ഞു. അറസ്റ്റിലായ പ്രദീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.