ചേർത്തല: വർഷങ്ങളായി മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്ന മരുത്തോർവട്ടം തോടിന് ശാപമോക്ഷമാകുന്നു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ 17, 18, 19 വാർഡുകളിലൂടെ കടന്ന് പോകുന്ന തോട് അഴുക്കുകൾ അടിഞ്ഞ് നാട്ടുകാർക്ക് ദുരിതമായി മാറുകയായിരുന്നു.
അഴുക്കും മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്ന തോട് യന്ത്രസാമഗ്രികൾ ഉപയോഗിച്ചു മാത്രമേ ശുചീകരിക്കാൻ കഴിയൂ. ഇതിനായി ഗ്രാമപഞ്ചായത്തും നാട്ടുകാരും ചേർന്ന് ജലസേചനവകുപ്പിന്റെ അംഗീകാരത്തോടെ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി 11-ാം മൈൽ മുതൽ മരുത്തോർവട്ടം വരെ എത്തുന്ന മൂന്ന് കിലോമീറ്ററുകളോളം ദൂരം വരുന്ന തോടിന്റെ ഭാഗമാണ് വെട്ടി ആഴം വർധിപ്പിക്കുകുകയും ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, ലിജി, ചെറുകിട ജലസേചന വകുപ്പിൽ നിന്നുളള സ്മിതി, ആൻറണി, സജിമോൻ എന്നിവർ പങ്കെടുത്തു.