പാറശാല: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്കിടെ എഎസ്ഐയെ വെടിവെച്ചുകൊന്ന കേസിൽ പ്രതികളെ സഹായിച്ച മുഖ്യ സഹായിയെ തമിഴ്നാട് ക്യു ബ്രാഞ്ച് പിടികൂടി.
കളിയിക്കാവിള അയിങ്കമാം സ്വദേശിയും ഇപ്പോൾ വിതുരയിൽ താമസക്കാരനുമായ സെയ്ദാലിയെയാണ് ഇന്നലെ ഉച്ചയോടെ പാളയത്തു നിന്നും പിടികൂടിയത്. പാളയത്തിലെ ഒരു ആരാധനാലയത്തിൽ നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയയുടൻ പോലീസ് പിടികൂടുകയായിരുന്നു.
തീവ്രവാദ സംഘടനയിൽപ്പെട്ടവരുടെ വെടിയേറ്റ് എഎസ്ഐ വിൽസൺ കൊല്ലപ്പെട്ടതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ തൗഫീഖ് ,അബ്ദുൽ ഷമീം എന്നിവരെ പിടികൂടിയത്.
എഎസ്ഐ കൊല്ലപ്പെട്ട കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കളിയിക്കാവിളസ്വദേശിയായ സെയ്ദാലിയുടെ പങ്കു വെളിവാവുകയും ഇയാൾ വർഷങ്ങൾക്ക് മുന്പ് വിദേശത്തു ജോലിക്കുപോലുന്നുവെന്ന വ്യാജേന കുടുംബ സമേതം വിതുരയിൽ താമസിക്കുകയാണെന്നു വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾകംപ്യൂട്ടർ സെന്റർ നടത്തുന്നതായും സെന്റർ വഴി തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു വിവരം പോലീസിന് ലഭിച്ചിരുന്നു. എന്നാൽ സംഭവ ദിവസം തന്നെ ഇയാൾ കുടുംബസമേതം മുങ്ങിയതായും കണ്ടെത്തിയിരുന്നു.
സെയ്ദാലിയുമായി ബന്ധമുള്ളവരുടെ മൊബൈൽ ഫോണുകൾ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. രണ്ടു ദിവസം മുന്പ് സെയ്ദാലിയുടെ മൊബൈൽ ഫോണിൽ വന്ന ഒരു ഫോൺ കോളാണ് ഇയാളെ കുരുക്കിയത്.
സെയ്ദാലി പാളയത്തുണ്ടെന്നു മനസിലാക്കിയ പോലീസ് സംഘം ആറുപേരെ നിയോഗിച്ചിരുന്നു . ഇന്നലെ നിസ്കരിക്കാൻ സെയ്ദാലിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല നടത്തിയ സംഘത്തിന് കളിയിക്കാവിളയിലെ ഒരു വ്യാപാരിയിൽ നിന്നും പണം വാങ്ങി നൽകിയത് സെയ്ദാലിയാണെന്നു പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.