കൊച്ചി: ലക്ഷദ്വീപിലേക്ക് ടൂര്‍ പോകുന്നതിനുള്ള അംഗീകൃത ഓപ്പറേറ്റാണെന്നു വെബ്സൈറ്റിലൂടെ പരസ്യം നല്കി ലക്ഷങ്ങള്‍ തട്ടിയ ആള് കടവന്ത്ര പോലീസിന്റെ പിടിയില്‍. കറുകപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് അഗത്തി സ്വദേശി ചെറുകയില്‍ അബ്ദുല്‍ സലാം (45) ആണ് പിടിയിലായത്.
നൂറോളം പേരില്‍നിന്നായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. 2019 ജനുവരിയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ കടവന്ത്ര പോലീസ് ആറോളം കേസ് എടുത്തിരുന്നു.
അന്ന് പിടിയിലായ പ്രതി കോടതിയില്‍നിന്നു പണം തിരിച്ചുകൊടുക്കാം എന്ന് സത്യവാങ്മൂലം എഴുതി നല്കി ജാമ്യത്തില്‍ പോവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ പഴുത് മുതലെടുത്താണു പ്രതി വീണ്ടും തട്ടിപ്പ് തുടര്‍ന്നത്.
അംഗീകൃത ലൈസന്‍സ് ഇല്ലാതെ തട്ടിപ്പ് തുടര്‍ന്ന പ്രതി വടക്കേ ഇന്ത്യക്കാരായ ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ തട്ടിപ്പിന്റെ ഇരകളാക്കുകയായിരുന്നു. കുടുംബമായി എത്തുമ്പോള്‍ കൊച്ചിയില്‍വച്ച് ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് കൈമാറാമെന്ന് പറഞ്ഞാണ് വടക്കേ ഇന്ത്യയില്‍നിന്നുള്ളവരെ ഇവിടെയെത്തിക്കുന്നത്.
തുടര്‍ന്ന് ഇയാള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു ടൂര്‍ കാന്‍സല്‍ ചെയ്യും. പിന്നീട് ഫോണ്‍ ഓഫ് ചെയ്തു മുങ്ങുന്നതാണ് പതിവ്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ അഞ്ച് പട്ടാള ഉദ്യോഗസ്ഥരുടെ പരാതിയിലാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റുചെയ്തത്.
എറണാകുളം എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കടവന്ത്ര എസ്ഐ വിബിന് ദാസ്, എഎസ്ഐ സന്തോഷ്, അനില്‍, ഉണ്ണി, മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.