തൃശൂർ: എല്ലാ വീടുകളിലും പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും നട്ടുവളർത്തണമെന്നതാണ് സർക്കാരിന്റെ കാർഷിക നയമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ.
മുണ്ടശേരി ഹാളിൽ ജീവനിയുടെ ആഭിമുഖ്യത്തിൽ റസിഡന്റ് അസോസിയേഷനുകൾക്കും മാധ്യമ പ്രവർത്തകർക്കും പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അടുത്ത വർഷം ഒരു കോടി തൈകൾ വിതരണം ചെയ്യും.
ഈയിടെയായി എല്ലാ കുടുംബങ്ങളും പച്ചക്കറി, ഫലവൃക്ഷതൈകൾ നട്ടുവളർത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. റസിഡന്റ് അസോസിയേഷനുകൾ എല്ലാ വീടുകളിലും പച്ചക്കറി തൈകൾ എത്തിക്കാനും കൃഷി രീതി അഭ്യസിപ്പിക്കാനും മുൻകൈയെടുക്കണം.
കൃഷി വകുപ്പുദ്യോഗസ്ഥരുടെ എല്ലാ സഹായവും ഉണ്ടാകും. ചടങ്ങിൽ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ്ണ്‍ ഷീബ ബാബു അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ് എം.എൽ.റോസി, കൗണ്‍സിലർ കെ.മഹേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിമ്മി ജോസഫ്, പ്രസ്ക്ലബ് സെക്രട്ടറി എം.വി.വിനീത, മുനിസിപ്പൽ കൃഷി ഓഫീസർ കെ.രാധാകൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രസാദ് മാത്യു, പി.ആർ.നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.