പരിയാരം: ഉച്ചയ്ക്ക് 12.15ന് സൈറൺ മുഴക്കിയെത്തിയ സർക്കാർ ആംബുലൻസ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ പോർച്ചിൽ വന്നു നിന്നു.
പെട്ടെന്നു തന്നെ മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർ ഉൾപ്പെടെയുള്ള നാലംഗ സംഘം സ്ട്രെച്ചർ ട്രോളിയുമായി ആംബുലൻസിന് സമീപത്തേക്ക് കുതിക്കുന്നു.
ഏതാനും നിമിഷങ്ങളിലെ ആകാംക്ഷയ്ക്കു ശേഷം ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാരൻ സ്ട്രെക്ചർ ട്രോളിയിൽ കിടന്നതോടെ ട്രോളി പ്രത്യേകം സജ്ജീകരിച്ച ലിഫ്റ്റിലേക്ക്.
ഇതിനിടയിൽ തിരക്കേറിയ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപവും കാഷ്വാലിറ്റി പരിസരത്തുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. കൊറോണ വൈറസ് ബാധിച്ചയാളെ ആശുപത്രിയിലെത്തിച്ചെന്നായിരുന്നു അഭ്യൂഹം. ആശുപത്രിയിലുള്ളവർ ആശങ്കയിലും.
മിനിറ്റുകൾ കഴിഞ്ഞതോടെയാണ് വന്നത് കൊറോണ വൈറസ് ബാധിച്ച രോഗിയല്ലെന്നും മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിച്ച മോക്ഡ്രില്ലാണെന്നും വ്യക്തമായത്.
ഇതോടെ മെഡിക്കൽ കോളജിൽ നിറഞ്ഞു നിന്ന ആശങ്കയ്ക്ക് വിരാമമായി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടക്കം ഏതാനും ചിലർക്ക് മാത്രമേ മോക്ഡ്രില്ലിനെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു.
മോക്ഡ്രിൽ വൻ വിജയമായതോടെ ഏത് സാഹചര്യത്തേയും ധൈര്യപൂർവം നേരിടാനുള്ള കരുത്താർജിച്ചിരിക്കയാണ് മെഡിക്കൽ കോളജ്.
അതിനിടെ ജീവനക്കാർക്ക് മൊത്തത്തിൽ ആശ്വാസം പകർന്നുകൊണ്ട് നിലവിൽ പ്രത്യേക വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് രോഗികൾക്കും കൊറോണ വൈറസ് ബാധയല്ലെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായി.
ഇവരെ രണ്ടു പേരെയും ഇന്നലെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. 28 ദിവസം കർശന ചിട്ടകളോടെ വീടുകളിൽ കഴിയാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.
നിരീക്ഷണത്തിലുള്ള എല്ലാ രോഗികളും ആശുപത്രി വിട്ടതോടെ കഴിഞ്ഞ ദിവസങ്ങളിലെ കൊറോണ വൈറസ് ബാധ സംശയിച്ച് എത്തിയവരുടെ പരിചരണത്തേയും തുടർ നടപടികളേയും കുറിച്ച് അവലോകനയോഗവും നടന്നു.
പ്രിൻസിപ്പൽ ഡോ.എൻ.റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.സുദീപ്, ആർഎംഒ ഡോ.എം.എസ്.സരീൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ എന്നിവരും വിവിധ വകുപ്പ് തലവൻമാരും യോഗത്തിൽ പങ്കെടുത്തു.