കോയമ്പത്തൂര്‍: ഇറീഡിയത്തിന്റെ പേരില്‍ ആടുവ്യാപാരിയില്നിന്നും അഞ്ചരലക്ഷം രൂപ തട്ടിപ്പു നടത്തിയ മൂന്നുപേര്‍ പോലീസ് പിടിയില്‍. സോമന്നൂര്‍ സെന്തില്പാളയം ധനപാലന് (30), തിരുപ്പൂര്‍ കുമാരസ്വാമി നഗര്‍ ആറുമുഖം (38), രാജ(43) എന്നിവരാണ് മൂലനൂര്മൂവേന്ദര് നഗര്‍ സ്വാമിനാഥന്റെ പരാതിയെതുടര്‍ന്ന് അറസ്റ്റിലായത്.
സ്വാമിനാഥന്റെ സുഹൃത്തായിരുന്ന രാജ തന്റെ പരിചയക്കാരുടെ കൈയില്‍ ഗോപുര കലശത്തിലുള്ള ഇറീഡിയം ഉള്ളതായും ഇതു വീട്ടില്‍ സൂക്ഷിച്ചാല്‍ സമ്പത്ത് വര്‍ധിക്കുമെന്നും രോഗങ്ങള്‍ വരില്ലെന്നും സ്വാമിനാഥനെ ധരിപ്പിച്ചു.
ഇറീഡിയം വേണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച സ്വാമിനാഥന് രാജയ്ക്കും കൂട്ടര്‍ക്കും അഞ്ചുലക്ഷം രൂപ അഡ്വാന്‍സും കൊടുത്തു. പിന്നീട് ഇറീഡിയം തയാറായതായും 20 ലക്ഷം രൂപയുമായി പെരിയനായ്ക്കന്‍ പാളയത്തേക്കു വന്നാല്‍ കൊണ്ടുപോകാമെന്നും അറിയിച്ചു.
സ്വാമിനാഥന് അവര്‍ പറഞ്ഞ സ്ഥലത്തേക്കു പണവുമായി ചെന്നപ്പോള്‍ കാറില്‍ വന്നിറങ്ങിയ മൂന്നുപേരും ഇറീഡിയം തയാറായിട്ടുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ടു.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വാമിനാഥന് പെരിയനായ്ക്കന്‍പാളയം പോലീസില്‍ വിവരമറിയിക്കുകയും ഇന്‍സ്പെക്ടര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നുപേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഇവരില്‍നിന്നും ഇറീഡിയം എന്ന പേരില്‍ കൊണ്ടുവന്ന ഗോപുര കലശത്തിന്റെ ആകൃതിയിലുള്ള വെള്ളിക്കുടവും പിടിച്ചെടുത്തു.