കൊരട്ടി: ചിറങ്ങരയിൽ സംസ്കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തിൽ ഒരാളെക്കൂടി ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു. ആലപ്പുഴ അരൂർ കടപ്പള്ളിപ്പാലം സ്വദേശി പുതുക്കേരിക്കടവിൽ കണ്ണൻ എന്നറിയപ്പെടുന്ന കാന്തിലാൽ(41) ആണ് അറസ്റ്റിലായത്.
കേസിലെ വാദിയുമായി ബിസിനസ് ഇടപാടുകളുള്ളയാളാണ് കാന്തിലാൽ. ഇവരിൽനിന്നും പത്തുലക്ഷത്തോളം രൂപ ഇയാൾ വായ്പ വാങ്ങിയിരുന്നു. തുടർന്നാണ് മാംസ ലോഡ് തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയത്.കഴിഞ്ഞ ജൂലൈയിലാണ് കൊച്ചിയിൽനിന്നും ഹൈദരാബാദിലേക്കു കൊണ്ടുപോയ ഒരു ലോഡ് സംസ്കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.
ആദ്യം പിടിയിലായ കുപ്രസിദ്ധ ക്രിമിനലും എറണാകുളം സ്വദേശിയുമായ ഷനിൽ പീറ്ററിൽനിന്നും ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതിന്റെ വിശദവിവരങ്ങളും മറ്റും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എങ്കിലും ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷൻ അരൂരിൽനിന്നാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
ഷനിൽ പീറ്ററിന്റെ മൊഴിപ്രകാരം പോലീസ് അരൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും കാന്തിലാലടക്കമുള്ളവർ മുങ്ങി. പ്രദേശത്തു രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്ന സംഘം പിന്നീടു കാന്തിലാൽ തിരിച്ചെത്തിയതായി മനസിലാക്കി വീട് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
വീടിനു സമീപത്തെ ഷെഡ് പരിശോധിച്ചപ്പോൾ അവിടെ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ, മുന്പ് പിടിയിലായ ഹരിയാന സ്വദേശിയും ഇപ്പോൾ അരൂരിൽ താമസിക്കുന്നയാളുമായ അക്രം ഖാനും ഷനിൽ പീറ്ററും കാന്തിലാലും വിഷ്ണു മുരളിയും ചേർന്നുനടത്തിയ ഗൂഢാലോചനയിലാണ് ലോഡ് തട്ടിയെടുത്തതെന്നു വ്യക്തമായി.